Quantcast

അതിഥി തൊഴിലാളികളെ സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണം: കെ. സുധാകരൻ

അതിഥി തൊഴിലാളികൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവനകൾ നൽകുന്നുണ്ട്. അതേസമയം സർക്കാരിന്റെ അഴകൊഴമ്പൻ നയംമൂലം ഇവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ജനങ്ങളുടെ ആശങ്കകളും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Aug 2023 11:10 AM GMT

Peoples concerns about guest workers should be addressed: K. Sudhakaran
X

തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പടുത്തിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. ഈ കേസിലെ പ്രതി അസഫാക് ആലമിന് 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ക്രിമിനൽ പശ്ചാത്തലവുമുണ്ട്. സമീപകാലത്ത് അതിഥി തൊഴിലാളികൾ ഉൾപ്പെട്ട പല ക്രിമിനൽ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് 31 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളിൽ എത്ര പേർ ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് എന്ന് ആശങ്ക ഉയരുന്നു. ഇവരുടെ കൃത്യമായ എണ്ണമോ, പശ്ചാത്തലമോ ഒന്നും സർക്കാരിന്റെ പക്കലില്ല. അ്ഞ്ചു ലക്ഷം പേർ മാത്രമാണുള്ളത് എന്ന സർക്കാരിന്റെ ഔദ്യോഗിക കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസിലാക്കാൻ. 2016- 2022 കാലയളവിൽ 159 അതിഥി തൊഴിലാളികൾ കൊലക്കേസ് പ്രതികളായിട്ടുണ്ട് എന്ന കണക്കും ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിലവിൽ നിർബന്ധമല്ല. ഇവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിലവിൽ ആവശ്യമില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസില്ല. അതിഥി തൊഴിലാളികളെ കുറിച്ച് വിശദമായ സർവേ നടത്താൻ സർക്കാർ തയാറാകണം. ഇവരുടെ വ്യക്തമായ ഐഡന്റിറ്റി സർക്കാരിന്റെ പക്കൽ ഉണ്ടാകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കരുത്. അങ്ങനെയുള്ളവരെ അടിയന്തരമായി പുറത്താക്കാനും നടപടി സ്വീകരിക്കണം.

ആലുവയിൽ നിഷ്ഠൂരമായ സംഭവം ഉണ്ടായിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. പൊതുദർശനത്തിലും സംസ്‌കാര ചടങ്ങിലും സർക്കാരിനെ പ്രതിനിധാനം ചെയ്ത് ആരും ഉണ്ടായിരുന്നില്ല. ഉചിതമായ സാമ്പത്തിക സഹായവും നൽകിയില്ല. കേസന്വേഷണത്തിൽ പൊലീസിന്റെ വീഴ്ച വളരെ പ്രകടമായിരുന്നു. അതിഥി തൊഴിലാളികൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവനകൾ നൽകുന്നുണ്ട്. അതേസമയം സർക്കാരിന്റെ അഴകൊഴമ്പൻ നയംമൂലം ഇവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ജനങ്ങളുടെ ആശങ്കകളും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story