പേരാമ്പ്ര അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനുമായി കൊണ്ടോട്ടിയിലെ വീട്ടിൽ തെളിവെടുപ്പ്
അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് സ്വന്തം വീട്ടിലേക്കാണ് വന്നിരുന്നത്
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനുമായി കൊണ്ടോട്ടിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു. പേരാമ്പ്ര പൊലീസാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇതര കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പൊലീസ് തെരയുന്നത്. അനുവിൽനിന്ന് മോഷ്ടിച്ച സ്വർണം കൊണ്ടോട്ടിയിൽ തമിഴ്‌നാട്ടുകാർ നടത്തുന്ന ചെറിയ സ്വർണക്കടയിലാണ് സുഹൃത്ത് വഴി പ്രതി വിറ്റത്. ഇതുവഴി 1,60,000 രൂപയാണ് ലഭിച്ചത്. ഈ പണം കണ്ടെത്താനും പൊലീസ് ശ്രമിക്കുകയാണ്. തമിഴ്‌നാട്ടുകാരുടെ കയ്യിലുള്ള സ്വർണം കണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം, സ്വർണം വിറ്റുകിട്ടിയ പണം ചീട്ട് കളിച്ച് തീർത്തുവെന്നാണ് പ്രതി പറയുന്നത്. മോഷണക്കേസുകളിൽ അന്വേഷണത്തിനായി പൊലീസ് എത്തുന്ന വീടാണ് മുജീബിന്റേത്.
മുജീബ് ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് സ്വന്തം വീട്ടിലേക്കാണ് വന്നിരുന്നത്. അവിടെ വെച്ച് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് വാളൂർ അള്ളിയോറതാഴെയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടർന്നാണ് നിരവധി കേസുകളിൽ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗമടക്കം 50ലേറെ കേസുകളിൽ പ്രതിയാണ് മുജീബ്.
കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി ലിഫ്റ്റ് നൽകിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. അനു ധരിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രയുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Adjust Story Font
16