പെരിയ ഇരട്ടക്കൊല: സിപിഎമ്മിന്റെ ഉന്നത നേതാക്കളും കുടുങ്ങാനുണ്ടെന്ന് ശരത് ലാലിന്റെ അച്ഛൻ
കൊലപാതകം ബ്രാഞ്ച് തലത്തിൽ ആസൂത്രണം ചെയ്ത് നടത്തിയതല്ലെന്നും മുതിർന്ന നേതാക്കൾക്കും പങ്കുണ്ടെന്നും മുൻ എംഎൽഎ വിടി ബൽറാം
പെരിയ ഇരട്ടക്കൊലയിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളും കുടുങ്ങാനുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ. കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കൾക്ക് പങ്കുണ്ടോയെന്ന് നേരത്തേ പറഞ്ഞിരുന്നതാണെന്നും വലിയ നേതാക്കളെ രക്ഷിക്കാനാണ് കോടികൾ ചെലവിട്ട് കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ബ്രാഞ്ച് തലത്തിൽ ആസൂത്രണം ചെയ്ത് നടത്തിയതല്ലെന്നും മുതിർന്ന നേതാക്കൾക്കും പങ്കുണ്ടെന്നും മുൻ എംഎൽഎ വിടി ബൽറാം ആരോപിച്ചു. ശരതിന്റെയും കൃപേഷിന്റെയും കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, രാജു എന്നിവരാണ് അറസ്റ്റിലായവർ. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത്‌ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി. കേസിലെ പ്രതികൾക്കായി ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ 90.92 ലക്ഷം രൂപ ചെലവിട്ടിരുന്നു. കേസ് സിബിഐക്ക് വിട്ട കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകർക്കാണ് സർക്കാർ ഇത്രയും തുക ചെലവിട്ടത്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
Adjust Story Font
16