Quantcast

"ആവശ്യത്തിന് സിമന്റും വെള്ളവുമില്ല, പെട്ടെന്ന് പണി തീർക്കാനുള്ള ശ്രമം"; ആശങ്കയായി പെരിയയിലെ അടിപ്പാത

അടിപ്പാത തകർന്നയുടൻ തന്നെ സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമം കമ്പനി നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-29 07:42:51.0

Published:

29 Oct 2022 6:08 AM GMT

ആവശ്യത്തിന് സിമന്റും വെള്ളവുമില്ല, പെട്ടെന്ന് പണി തീർക്കാനുള്ള ശ്രമം; ആശങ്കയായി പെരിയയിലെ അടിപ്പാത
X

കാസർകോട്: കാസർകോട് പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്ന സംഭവത്തിൽ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെതിരെ രൂക്ഷ വിമർശനം. അപകടത്തിൽ ആളപായമില്ലെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ, എട്ടോളം തൊഴിലാളികൾ അപകടസമയം സ്ലാബിന് മുകളിൽ ഉണ്ടായിരുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ഇവരിൽ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എവിടെയാണ് ചികിത്സ തേടിയതെന്നുമുള്ള കാര്യങ്ങൾ വ്യക്തമല്ല.

അടിപ്പാത തകർന്നയുടൻ തന്നെ സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമം കമ്പനി നടത്തിയിരുന്നു. എന്നാൽ, നാട്ടുകാർ ഇടപെട്ട് ഇത് തടയുകയായിരുന്നു. സാധാരണ അൻപതോളം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലമാണിത്. അപകടസമയം എത്ര പേർ മുകളിലുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പുല്ലൂർ- പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദൻ പറയുന്നു. പുലർച്ചെ 3.30ഓടെയാണ് അടിപ്പാത തകർന്നുവീണത്. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഓടിമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

"മേഘ കൺസ്ട്രക്ഷൻസിന്റെ നിർമാണ അപാകതകൾ നേരത്തെ തന്നെ നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യത്തിന് സിമന്റോ വെള്ളമോ ചേർക്കാതെ വളരെ ദ്രുതഗതിയിൽ സൂക്ഷ്മമായ പരിശോധനയോ വിലയിരുത്തലോ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഇത് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ സ്വീകരിക്കാൻ അവർ തയ്യാറായില്ല. എഞ്ചിനീയർമാരുടെയോ സൂപ്പർവൈസർമാരുടെയോ മേൽനോട്ടമില്ലാതെ പെട്ടെന്ന് പണി തീർക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. നാട്ടുകാർ കടുത്ത ആശങ്കയിലാണ്."; അരവിന്ദൻ പറഞ്ഞു.

മേഘ കൺസ്ട്രക്ഷൻസ് വിദ്യാനഗർ മുതൽ കാലിക്കടവ് വരെയുള്ള മേഖലയിൽ വ്യത്യസ്ത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വിദഗ്ധരായ എഞ്ചിനീയർമാരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം മാത്രമേ ഈ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കാവൂ എന്നും അരവിന്ദൻ ആവശ്യപ്പെട്ടു. അടിപ്പാതയല്ല ഫ്‌ളൈ ഓവർ ആയിരുന്നു നാടിന്റെ ആവശ്യം. ഇത് സംബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ളവർ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് പഴഞ്ചൻ രീതിയിൽ അടിപ്പാത നിർമാണം തുടങ്ങിയത്. ഇതിന്റെയൊക്കെ പരിണിത ഫലമായാണ് ഇന്നത്തെ അപകടമുണ്ടായതെന്നും അരവിന്ദൻ ചൂണ്ടിക്കാട്ടി.

ഇന്ന് പുലർച്ചെയാണ് കാസർകോട് ദേശീയപാതയുടെ ഭാഗമായി പെരിയ ബസ് സ്റ്റോപ്പിൽ നിർമിക്കുന്ന അടിപ്പാത തകർന്നുവീണത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെ അടിപ്പാത നിലംപൊത്തുകയായിരുന്നു. നേരത്തെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കമ്പി പാകിയതിന് ശേഷം ഇന്ന് പുലർച്ചെ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അടിപ്പാത തകർന്നത്. സംഭവത്തിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. നാട്ടുകാർക്ക് പുറമേ കോൺഗ്രസ് പ്രവർത്തകരും സംഭവ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

TAGS :

Next Story