ദേശീയ പാതകളിൽ നൂറുകോടിയുടെ പ്രവൃത്തികൾക്ക് അനുമതി
ഏഴ് പദ്ധതികൾക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചത്
സംസ്ഥാനത്തെ ദേശീയ പാതകളിൽ 97.15 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഏഴ് പദ്ധതികൾക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം പരിഗണിച്ചാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചിരിക്കുന്നത്. ദേശീയ പാത 185 ൽ ഇടുക്കിയിൽ രണ്ട് സ്‌ട്രെച്ചുകളിലാണ് നവീകരണത്തിന് അനുമതി ലഭിച്ചത്. വള്ളക്കടവ് -ചെളിമട സ്‌ട്രെച്ചിൽ 22.94 കിലോ മീറ്റർ വികസിപ്പിക്കാൻ 30.32 കോടി രൂപയാണ് അനുവദിച്ചത്. വെള്ളയാംകുടി മുതൽ -ഡബിൾ കട്ടിംഗ് വരെ റോഡ് നവീകരണത്തിന് 22.44 കോടിയും അനുവദിച്ചു. ഇവിടെ 13.83 കിലോ മീറ്റർ റോഡിന്റെ നവീകരണമാണ് നടക്കുക.
ദേശീയ പാത 766 ൽ കുന്ദമംഗലം മുതൽ മണ്ണിൽക്കടവ് വരെ 10 കിലോ മീറ്റർ റോഡ് നവീകരണത്തിന് 15.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ പാത 183A യിൽ കൈപ്പത്തൂർ -പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ജംഗ്ഷൻ വരെ 9.45 കോടിയുടെ പ്രവൃത്തിയാണ് നടത്തുക. ഇവിടെ 5.64 കിലോമീറ്റർ റോഡ് നവീകരിക്കും. കോഴിക്കോട് അടിവാരത്തെ എലിക്കാട് പാലം പുനരുദ്ധാരണത്തിന് 65 ലക്ഷം രൂപയും എറണാകുളം വെല്ലിംഗ്ടൺ ഐലന്റ്- കൊച്ചി ബൈപ്പാസ് റോഡിലെ മൂന്ന് പാലങ്ങളുടെ പുനരുദ്ധാരണത്തിനായി 8.33 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എട്ട് ബ്ലാക്‌സ്‌പോട്ടുകളിൽ ആവശ്യമായ നവീകരണം നടത്താൻ 10.4 കോടിയുടെ പ്രവൃത്തികൾക്കും അംഗീകാരം ലഭിച്ചു. മണർകാട്, കഞ്ഞിക്കുഴി, പാറത്തോട്( കാഞ്ഞിരപ്പള്ളി) , പത്തൊമ്പതാം മൈൽ, ഇരട്ടുനട, വടവാതൂർ, പതിനാലാം മൈൽ ( പുളിക്കൽ കവല), ആലംപള്ളി എന്നീ ബ്ലാക് സ്‌പോട്ടുകളിലാണ് പ്രവൃത്തി നടത്തുക.
സാങ്കേതിക അനുമതി കൂടി ലഭിച്ച സാഹചര്യത്തിൽ ടെണ്ടർ നടപടികൾ വേഗത്തിൽ ആരംഭിക്കാൻ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. നേരത്തെ കേന്ദ്ര ഉപരിതലഗതാഗത വകുപ്പു മന്ത്രി നിധിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിലെ പദ്ധതികൾക്ക് വേഗത്തിൽ അംഗീകാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.
Public Works and Tourism Minister PA Mohammad Riyaz said that various works worth `97.15 crore on National Highways in the State have been approved by the Union Ministry of Surface Transport.
Adjust Story Font
16