അടിച്ചു ഫിറ്റായി ടയറില്ലാതെ ദേശീയപാതയിലൂടെ കാറോടിച്ചത് 15 കി.മീ; ഡ്രൈവര്‍ പിടിയില്‍
കാർ ഡ്രൈവർ സാംകുട്ടിയെ കൊട്ടാരക്കര നെടുവത്തൂരിൽ നിന്നാണ് പിടികൂടിയത്
കൊല്ലം: കൊല്ലത്ത് ടയറില്ലാത്ത കാർ ദേശീയപാതയിലൂടെ ഓടിച്ചത് 15 കിലോമീറ്റര്‍. യാത്രയ്ക്കിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു. കാർ ഡ്രൈവർ സാംകുട്ടിയെ കൊട്ടാരക്കര നെടുവത്തൂരിൽ നിന്നാണ് പിടികൂടിയത്.
പുനലൂർ മുതൽ കൊട്ടാരക്കര വരെ ദേശീയപാതയിലൂടെ കഴിഞ്ഞ രാത്രി യാത്ര ചെയ്തവർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പുനലൂര്‍ കോട്ടവട്ടത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്നു പുനലൂര്‍ സ്വദേശി സാംകുട്ടി. യാത്രയ്ക്കിടെ കാറിന്‍റെ ടയർ പഞ്ചറായി. ഇത് അവഗണിച്ച് സാംകുട്ടി അമിതവേഗത്തിൽ യാത്ര തുടർന്നു. ടയർ പൂർണമായും അരഞ്ഞുമാറി. പിന്നീട് കാറിന്‍റെ ഡിസ്കിലായി യാത്ര. അതിനിടെ ഇരുചക്രവാഹനയാത്രക്കാരെ അടക്കം അഞ്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു.
നെടുവത്തൂരിന് സമീപം വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സാംകുട്ടിയുടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഗ്ലാസ് തകർത്താണ് ഇയാളെ പുറത്തിറക്കിയത്. മദൃലഹരിയായിരുന്നു സാംകുട്ടിയുടെ സാഹസമെന്നാണ് സൂചന.
Adjust Story Font
16