വാക്സിൻ നയം പ്രവാസി വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹരജി
വാക്സിന്‍റെ ഔദ്യോഗിക പേര് രണ്ടുതരത്തിലാണ് സൌദിയിലും ഇന്ത്യയിലും എന്നത് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ചാണ് ഹരജി
വാക്സിൻ നയം പ്രവാസി വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹരജി. പ്രവാസികളെ ബുദ്ധിമുട്ടാക്കുന്നതാണ് വാക്സിനേഷൻ നയമെന്ന് കാണിച്ച് ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പ് സി.ഇ.ഒ. റഹീം പട്ടർകടവിന്‍ ആണ് ഹരജി നല്‍കിയിട്ടുള്ളത്. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. അഡ്വ. ഹാരിസ് ബീരാൻ മുഖേനയാണ് ഹർജി നൽകിയിരിക്കുന്നത്.
സൗദിയിലേക്കുള്ള പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഹർജിയിൽ പ്രതിപാദിച്ചിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്കരമാണ്. ഇന്ത്യ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമായതിനാൽ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്‍റൈനിൽ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവിൽ സൗദിയിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ സൗദിയിൽ ക്വാറന്‍റൈൻ വ്യവസ്ഥയിൽ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്‍റൈൻ ആണ് സൗദി നിഷ്കര്‍ഷിക്കുന്നത്.
സൗദി സർക്കാരിന്‍റെ സർക്കുലർ പ്രകാരം ആസ്ട്ര സെനെക്ക വാക്സിൻ രണ്ടു ഡോസ് എടുക്കുന്നവർക്ക് ഇളവുകൾ ഉണ്ട്. പക്ഷേ ഇന്ത്യയിൽ ആസ്ട്ര സെനെക്ക വാക്സിൻ കോവീഷീൽഡ് എന്ന പേരിലാണ് നൽകുന്നത്. സർട്ടിഫിക്കറ്റിലും കോവീഷീൽഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നത് സൗദി സർക്കാർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവീഷീൽഡ് വാക്സിനെടുത്ത് പോകുന്നവർക്ക് സൗദിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവർക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു. അതിനാല്‍ ഈ കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നും സർട്ടിഫിക്കറ്റിൽ അത് വ്യക്തമായി പ്രതിപാദിക്കുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അതോടു കൂടെ പ്രവാസികളുടെ പാസ്പ്പോർട്ട് നമ്പറും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു
ഇന്ത്യയിൽ ലഭ്യമായ മറ്റൊരു വാക്സിൻ കോവാക്സിൻ നിലവിൽ സൗദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്സിൻ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്സിൻ എടുക്കാൻ പോകുമ്പോൾ മാത്രമാണ് അവർക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്. കോവാക്സിൻ എടുത്ത ഒരു പ്രവാസിയാണെങ്കിൽ അതിന്‍റെ ഒരു ആനുകൂല്യവും സൗദിയിൽ അയാൾക്ക് ലഭിക്കുകയില്ല. അതിനാൽ കോവാക്സിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ രണ്ടാമത്തെ ആവശ്യം.
സൗദിയിലേക്കുള്ള യാത്രക്ക് ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഒരു പ്രവാസിക്ക് ചെലവാകുന്നത്. അതിൽ ഏകദേശം എഴുപതിനായിരം രൂപയും സൗദിയിൽ ഹോട്ടൽ ക്വാറന്‍റൈൻ സൗകര്യത്തിനായാണ് ചെലവഴിക്കേണ്ടി വരുന്നത്. അതിനാൽ ഈ രണ്ടു കാര്യങ്ങളും പരിഹരിച്ചാൽ എഴുപതിനായിരം രൂപയോളം ഓരോ പ്രവാസിക്കും യാത്രയിൽ ലാഭിക്കാനാകും. സർക്കാർ ശരിയായ രീതിയിൽ മാർഗനിർദ്ദേശം നൽകിയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവുകയില്ലായിരുന്നു. അതുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ നൽകാൻ ഹർജി നർകിയിരിക്കുന്നത്.
മറ്റൊരു ആവശ്യമായി ഹർജിക്കാർ ഉന്നയിച്ചിരിക്കുന്നത് നാട്ടിലുള്ള പ്രവാസികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്സിൻ നൽകണമെന്നാണ്. അല്ലെങ്കിൽ രണ്ടും മൂന്നും മാസം അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് വാക്സിൻ എടുക്കാതെ പോകുന്നതിലുള്ള ബുദ്ധിമുട്ട് വിദേശരാജ്യങ്ങളിലും ഉണ്ടാകും. അതുപോലെ ഒരു ഡോസ് വാക്സിനെടുത്ത് രണ്ടാമത്തെ ഡോസിന് വേണ്ടി കാത്തിരിക്കേണ്ടി വരുന്നതും ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ അവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നാണ് ഹർജിക്കാരുടെ മറ്റൊരു ആവശ്യം.
Adjust Story Font
16