Quantcast

'മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി തള്ളണം'; സുപ്രിംകോടതിയിൽ ലീഗിന്റെ എതിർ സത്യവാങ്മൂലം

സുപ്രിംകോടതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്

MediaOne Logo

Web Desk

  • Published:

    30 Jan 2023 9:33 AM GMT

Petition to ban Muslim League should be rejected
X

ഡൽഹി: പാർട്ടിയെ നിരോധിക്കണമെന്ന ഹരജി തള്ളണമെന്ന് മുസ്‌ലിം ലീഗ്. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹരജിയിലാണ് ലീഗിന്റെ എതിർ സത്യവാങ്മൂലം. സുപ്രിംകോടതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.

ഹിന്ദു, ക്രൈസ്തവ വിഭാഗത്തിൽപെട്ട നൂറിലധികം ജനപ്രതിനിധികൾ ലീഗിൽ ഉണ്ടെന്നും കേരളത്തിൽ സംസ്‌കൃത സർവ്വകലാശാല ആരംഭിച്ചത് ഇ ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണന്നും എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.

രാഷ്ട്രീയ പാർട്ടികൾ മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരായ ഹരജിയിൽ വിശദീകരണം നൽകാൻ മുസ്ലിം ലീഗിന് സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. സുപ്രിംകോടതിയിൽ രേഖാമൂലം അഭിപ്രായം അറിയിക്കാനായിരുന്നു ആവശ്യപ്പെട്ടത്. മതപേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്, എ.ഐ.എം.ഐ.എം അടക്കമുള്ള പാർട്ടികൾക്കെതിരെയാണ് സയ്യിദ് വസീം റിസ്‌വി സുപ്രിംകോടതിയിൽ ഹരജി നൽകിയത്. നേരത്തെ, ഹരജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നൽകിയിരുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹരജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയാണ് ഹരജിക്കാരനു വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന പാർട്ടി അംഗീകാരമുള്ള രണ്ട് കക്ഷികളുടെ പേരിൽ 'മുസ്‌ലിം' എന്നുണ്ടെന്ന് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. ചില പാർട്ടികളുടെ കൊടികളിൽ മതചിഹ്നങ്ങളായ ചന്ദ്രികയും നക്ഷത്രവുമെല്ലാമുണ്ട്. വേറെയും ചില പാർട്ടികൾക്കു മതനാമങ്ങളാണുള്ളതെന്നും അഭിഭാഷകൻ ഉന്നയിച്ചു.

TAGS :

Next Story