Quantcast

'ദി കേരള സ്‌റ്റോറി'യുടെ റിലീസ് ഇന്ന്: പ്രദർശനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

സുപ്രിം കോടതി നിർദേശമുള്ളതിനാൽ അടിയന്തര പ്രാധാന്യത്തോടെയാകും ഹരജി പരിഗണിക്കുക

MediaOne Logo

അര്‍ച്ചന പാറക്കല്‍ തമ്പി

  • Updated:

    2023-05-05 01:04:06.0

Published:

5 May 2023 12:41 AM GMT

Petition to stay screening of Kerala Story to be heard today
X

കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതി നിർദേശമുള്ളതിനാൽ അടിയന്തര പ്രാധാന്യത്തോടെയാകും ഹരജി പരിഗണിക്കുക. പ്രതിഷേധങ്ങള്‍ക്കിടെ കേരളത്തിലെ 15ഓളം തിയറ്ററുകളില്‍ ഇന്ന് സിനിമ റിലീസ് ചെയ്യും.

ജസ്റ്റിസ് എന്‍ നാഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഞ്ചാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിട്ടുളളത് എങ്കിലും സുപ്രീംകോടതി നിര്‍ദേശമുളളതിനാല്‍ അടിയന്തരപ്രാധാന്യത്തോടെ വിഷയം ഒന്നാമതായി പരിഗണിക്കാനാണ് സാധ്യത. ഇക്കാര്യം ഹരജിക്കാരും ആവശ്യപ്പെടും. സിനിമയുടെ ടീസറും ട്രെയിലറും സാമുദായിക സ്പർധ വളർത്തുന്നതാണെന്നാണ് ഹരജിയിലെ ആരോപണം.

മുസ്ലിം ലീഗിൻ്റെതുൾപ്പെടെ ആറ് ഹരജികളാണ് സിനിമക്കെതിരെ കേരള ഹൈക്കോടതിയിലുള്ളത്. GIO പ്രസിഡൻ്റ് തമന്ന സുൽത്താനയ്ക്കും, വെൽഫെയർപാർട്ടിക്കുമായി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുശ്യന്ത് ധവെ ഹൈക്കോടതിയിൽ ഹാജരാകും. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ കേരളത്തിലെ 15ഓളം തിയറ്ററുകളില്‍ സിനിമ ഇന്ന് റിലീസ് ചെയ്യും. കേരളത്തിലാകെ 21 തിയറ്ററുകളില്‍ സിനിമ റിലീസിങ്ങിനായി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ചില തിയറ്ററുകള്‍ പിന്മാറി.

കൊച്ചിയില്‍‌ ഷേണായീസ്, പിറവത്തുളള ദർശന സിനിമാസ് എന്നിവിടങ്ങളിലാണ് റിലീസുളളത്. റിലീസിങ്ങിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കാനുളള സാധ്യതയുമുണ്ട്.

അതേസമയം, കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച് നടത്തും. സംഘ് പരിവാറിൻ്റെ മുസ്ലിം വിരുദ്ധ വംശീയ പ്രചാരണം കേരളത്തിൻ്റെ മണ്ണിൽ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. പ്രദർശനം നടത്തുന്ന കോഴിക്കോട് ക്രൗൺ തീയേറ്ററിലേക്ക് രാവിലെ 10 മണിക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

TAGS :

Next Story