Quantcast

ഗവർണർക്കെതിരെ വിസിമാരും കേരള സർവകലാശാല അംഗങ്ങളും നൽകിയ ഹരജികൾ ഇന്ന് കോടതിയിൽ

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടികൾ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    30 Nov 2022 12:54 AM GMT

ഗവർണർക്കെതിരെ വിസിമാരും കേരള സർവകലാശാല അംഗങ്ങളും നൽകിയ ഹരജികൾ ഇന്ന് കോടതിയിൽ
X

തിരുവനന്തപുരം: രാജിവെക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് വിസിമാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും സെനറ്റിൽ നിന്ന് പുറത്താക്കിയ കേരള സർവകലാശാല അംഗങ്ങൾ നൽകിയ ഹരജിയും ഇന്ന് പരിഗണിക്കും.

ഹരജിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കും വരെ വിസിമാർക്കെതിരെ നടപടി പാടില്ലെന്നാണ് ഇടക്കാല ഉത്തരവ്. കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ചാൻസലർക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാൻസലറുടെ അധികാരപരിധി സംബന്ധിച്ച് വിശദമായ വാദം കേൾക്കണമെന്നും വിസിമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തേക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

അതേസമയം, കേരള സർവകലാശാല സെനറ്റിൽ നിന്നും പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് 15 അംഗങ്ങളാണ് ഹരജി നൽകിയിരിക്കുന്നത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ആളെ നൽകാൻ സെനറ്റ് ഇതുവരെ തയ്യാറായിട്ടില്ല. സെനറ്റിന്റെ അജണ്ടയിൽ അക്കാര്യം ഇല്ലെന്നാണ് അംഗങ്ങളുടെ നിലപാട്. സ്ഥിരം വിസിയെ തെരഞ്ഞെടുക്കുന്നത് നീണ്ടുപോകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹരജിയിൽ കോടതി ഉത്തരവ് വരുന്നത് വരെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾക്ക് പകരം പുതിയ ആളുകളെ നിയമിക്കരുതെന്നാണ് നിർദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടികൾ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ഭരണഘടനയ്ക്കും ജനാധ്യപത്യമൂല്യങ്ങൾക്കും എതിരാണെന്ന് ഹരജിയിൽ പറയുന്നു. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് ഗവർണർക്ക് സമയപരിധി നിശ്ചയിക്കണമെന്നും ഹരജിയിലുണ്ട്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

TAGS :

Next Story