അരിച്ചുപെറുക്കി പൊലീസ്; ഒൻപതു മണിക്കൂർ പിന്നിട്ടിട്ടും ഒരു തുമ്പുമില്ല
എന്തെങ്കിലും സൂചന ലഭിക്കുന്നവർ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു
തിരുവനന്തപുരം: പേട്ടയിൽനിന്ന് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ഹൈദരാബാദ് സ്വദേശികളുടെ കുട്ടിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കാണാതായി ഒൻപത് മണിക്കൂർ പിന്നിട്ടിട്ടും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണു തിരിച്ചൽ പുരോഗമിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഷാഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായാണു പരിശോധന നടക്കുന്നത്. കന്യാകുമാരി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മഞ്ഞനിറത്തിലുള്ള ആക്ടിവ സ്‌കൂട്ടർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
എന്തെങ്കിലും സംശയമോ സൂചനയോ ലഭിക്കുന്ന പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാനായി പേട്ട പൊലീസ് നമ്പറുകൾ പുറത്തുവിട്ടു. വിവരങ്ങൾ ലഭിക്കുന്നവർ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പേട്ടയിൽനിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. ആക്ടിവ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിക്കുന്നത്. പേട്ട ഓൾ സെയിന്റ്‌സ് കോളജിനു സമീപത്തെ വഴിയരികിലാണു കുട്ടികൾ ഉറങ്ങിയിരുന്നത്. കോളജിനു പിറകുവശത്തെ ചതുപ്പിൽ ടെന്റ് അടിച്ചാണ് ഇവർ താമസിച്ചിരുന്നത്. കാണാതാകുമ്പോൾ കറുപ്പിൽ പുള്ളിയുള്ള ടീ ഷർട്ടാണു കുട്ടി ധരിച്ചിരുന്നതെന്നു കുടുംബം പറയുന്നു.
രാത്രി ഒൻപതരയോടെ ഭക്ഷണം കഴിഞ്ഞ് കിടന്നതായിരുന്നു. ഇതിനുശേഷം രാത്രി 12 മണിയോടെ രണ്ടാമത്തെ സഹോദരന്റെ ബഹളം കേട്ടാണു ദമ്പതികൾ ഉണരുന്നത്. ഈ സമയത്ത് കുട്ടി ഇവിടെയുണ്ടായിരുന്നില്ല. തുടർന്ന് പരിസരങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല. ഒടുവിൽ, ദമ്പതികൾ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Summary: The police intensifies search for the child of Hyderabad natives who was kidnapped from Thiruvananthapuram's Pettah
Adjust Story Font
16