Quantcast

പിഎഫ്‌ഐ ഹർത്താൽ അക്രമ കേസ്; മുൻ ജനറൽ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ വീടും, വസ്തുക്കളും കണ്ടുകെട്ടി

കരുനാഗപ്പള്ളി തഹസിൽദാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്

MediaOne Logo

Web Desk

  • Updated:

    2023-01-20 14:49:38.0

Published:

20 Jan 2023 10:40 AM GMT

പിഎഫ്‌ഐ ഹർത്താൽ അക്രമ കേസ്; മുൻ ജനറൽ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ വീടും, വസ്തുക്കളും കണ്ടുകെട്ടി
X

ന്യൂഡല്‍ഹി: പിഎഫ്‌ഐ ഹർത്താൽ അക്രമ കേസിൽ മുൻ ജനറൽ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂരിലെ അഞ്ച് പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളം താലൂക്കിലെ അഞ്ച് നേതാക്കളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കണ്ടുകെട്ടൽ നടപടി വൈകിയതിൽ നേരത്തെ ഹൈക്കോടതിയുടെ പക്കൽ നിന്ന് സർക്കാരിന് വിമർശനം നേരിടേണ്ടി വന്നിരുന്നു.

പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്വീകരിച്ചിരുന്നത്. സർക്കാറും കെഎസ്ആർടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ സെപ്തംബർ 29ന് ബഞ്ച് നിർദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് നേരത്തെ സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. ജപ്തി നടപടികൾ വേഗത്തിലാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും പ്രതിയാണ് ജനറൽ സെക്രട്ടറിയായ അബ്ദുൽ സത്താർ. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

2022 സെപ്തംബർ 23നായിരുന്നു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നൽ ഹർത്താൽ.

TAGS :

Next Story