പി.എഫ്.ഐ ഹർത്താൽ: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കർശന നടപടി സ്വീകരിക്കാൻ നിർദേശം
'ഹർത്താൽ നിയമവിരുദ്ധം; കോടതിയലക്ഷ്യത്തിന് കേസെടുക്കും'
കൊച്ചി: പോപുലർ ഫ്രണ്ട് നടത്തുന്ന ഹർത്താൽ ഇടപെട്ട് ഹൈക്കോടതി. ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്തു. ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുന്‍കൂട്ടി അറിയാതെയുള്ള ഹർത്താൽ നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. ഹർത്താലിനിടെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. നിരവധി കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ള വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. രണ്ടു ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംരക്ഷണയിലാണ് പലയിടത്തും ബസ് സർവീസുകൾ നടത്തുന്നത്. അമ്പലപ്പുഴയിൽ കല്ലേറിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. അതേസമയം, ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി പൊലീസ് രംഗത്തുണ്ട്. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലർ ഫ്രണ്ടിൻറെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Adjust Story Font
16