പി.എഫ്.ഐ ഹർത്താൽ അതിക്രമക്കേസ്;പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ നൽകാൻ ഹൈക്കോടതി നിർദേശം
നടപടി നേരിട്ട വ്യക്തികൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള്ള വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണം
കേരള ഹൈക്കോടതി
കൊച്ചി: പോപുലർഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിച്ച കേസിൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. നടപടി നേരിട്ട വ്യക്തികൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള്ള വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണം. അതിനിടെ തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് കാണിച്ച് മലപ്പുറം സ്വദേശി ടി.പി.യൂസഫ് ഹൈക്കോടതിയെ സമീപിച്ചു.
പോപുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെയാണ് റെവന്യുറിക്കവറി നടപടികളുടെ വിശദാംശങ്ങൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജില്ലാ അടിസ്ഥാനത്തിൽ നൽകിയ വിവരങ്ങളിൽ 248 പേരുടെ സ്വത്ത് വകകൾ കണ്ടെത്തിയെന്നും ചേർത്തിരുന്നു. എന്നാൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദമായ വിവരം സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. ആളുമാറി ജപ്തി നടത്തിയെന്ന വ്യാപക പരാതി നിലനിൽക്കുന്നതിനാൽ നടപടി നേരിട്ട വ്യക്തികൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
റെവന്യു റിക്കവറി നടപടിക്കിടെ തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് കാണിച്ച് മലപ്പുറം സ്വദേശി ടി.പി.യൂസുഫ് ഹൈക്കോടതിയെ സമീപിച്ചു. പി.എഫ്.ഐ കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. പോപ്പുലർ ഫ്രണ്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പി.എഫ്.ഐ ആശയങ്ങളെ എതിർക്കുന്ന ആളാണ് താനെന്നും യൂസഫ് നൽകിയ അപേക്ഷയിലുണ്ട്. പി.എഫ്.ഐ ഹർത്താലുമായി ബന്ധപ്പെട്ട ഹരജികളിൽ ഇനി ഫെബ്രുവരി രണ്ടിനാണ് വാദം കേൾക്കുക അന്ന്, യൂസുഫിന്റെ അപേക്ഷയും കോടതി പരിഗണിച്ചേക്കും
Adjust Story Font
16