അലൻ വാക്കർ ഷോയിലെ ഫോൺ കവർച്ച; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ
ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകൾ കണ്ടെത്തി
കൊച്ചി: അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം സംഭവത്തിൽ ഡൽഹിയിൽ മൂന്ന് പേർ പിടിയിലായി. ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പർ പൊലീസിന്റെ കൈവശമുണ്ട്. പ്രതികൾ കൊച്ചിയിൽ മുറിയെടുത്ത് താമസിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കവർച്ചക്ക് പിന്നിൽ രണ്ട് സംഘങ്ങളുണ്ടെന്നാണ് സൂചന.
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 36 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.
Adjust Story Font
16