എ.വി ഗോപിനാഥിനെ പരോക്ഷമായി ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനത്തിനായി പെരിങ്ങോട്ട് കുർശ്ശിയിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്
പെരിങ്ങോട്ട് കുര്‍ശി: കോൺഗ്രസ് വിട്ട എ.വി ഗോപിനാഥിനെ പരോക്ഷമായി ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി പെരിങ്ങോട്ട് കുർശ്ശിയിൽ എത്തിയത്. എ.വി ഗോപിനാഥിന്‍റെ തട്ടകത്തിൽ ഉജ്ജ്വല സ്വീകരണമാണ് പിണറായി വിജയന് ലഭിച്ചത്.
കോൺഗ്രസ് വിട്ട എ.വി ഗോപിനാഥ് മുഖ്യമന്ത്രിയെയും സർക്കാറിനെയും പുകഴ്ത്തുന്നത് പതിവാണ്. പിണറായി വിജയൻ എത്തിയപ്പോൾ മഴ പോലും മാറി നിൽക്കുകയാണെന്ന് പറഞ്ഞാണ് ഗോപിനാഥ് തുടങ്ങിയത്. വികസനത്തിനായി പെരിങ്ങോട്ട്കുർശ്ശി ഗ്രാമം മുഖ്യമന്ത്രിയോടൊപ്പം ഉണ്ടെന്ന് എ.വി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
വികസനകാര്യത്തിൽ എ.വി ഗോപിനാഥിന്‍റെ സഹകരണം സന്തോഷം ഉളവാക്കുന്നതാണ്. സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെങ്കിൽ അതിനും തയ്യറാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ എ.വി ഗോപിനാഥിനും സംഘത്തിനും ഉള്ള ക്ഷണമായി മാറി. എ.വി ഗോപിനാഥിന്‍റെ നിലപാടിനെ കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളന വേദിയിലും മുഖ്യമന്ത്രി പ്രശംസിച്ചു.
സി.പി.എം പ്രാദേശിക നേതാക്കളടക്കം സ്റ്റേജിൽ ഇടം പിടിച്ചെങ്കിലും പഞ്ചായത്തിന്‍റെ ഔദ്യോഗിക പരിപാടിയിൽ സ്ഥലം എം.പി രമ്യാ ഹരിദാസ് ഉണ്ടായിരുന്നില്ല. ഉത്സവ പ്രതീതിയോടെയാണ് പെരിങ്ങോട്ട് കുർശ്ശി ഗ്രാമം മുഖ്യമന്ത്രിയെ വരവേറ്റത്. സാംസ്കാരിക വകുപ്പാണ് ഒളപ്പമണ സ്മാരക മന്ദിരത്തിനായി ഫണ്ട് നൽകിയത്. പെരിങ്ങോട്ട്കുർശ്ശി പഞ്ചായത്തിന് കീഴിലാണ് മഹാകവി ഒളപ്പമണ്ണയുടെ സ്മാരകം പ്രവർത്തിക്കുക. പി.പി സുമോദ് എം.എൽ.എ , മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഉൾപെടെ ഉള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16