Quantcast

സുധാകരൻ ഒത്ത എതിരാളിയാണോ?; കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് പിണറായി

"ഞാൻ അദ്ദേഹത്തിന്റെ എതിർപക്ഷത്തു നിന്ന് പ്രവർത്തിച്ച ഒരാളാണല്ലോ"

MediaOne Logo

Web Desk

  • Published:

    11 Jun 2021 3:26 PM GMT

സുധാകരൻ ഒത്ത എതിരാളിയാണോ?; കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് പിണറായി
X

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഒത്ത എതിരാളിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതെല്ലാം കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യത്തിന് ആദ്യം ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നീടാണ് 'അതെല്ലാം കണ്ടറിയാൻ പോകുന്ന പൂരമല്ലേ. എന്തിനാണ് അതിനെപ്പറ്റി ഇപ്പോൾ തന്നെ ഒരു പ്രതികരണം നടത്തുന്നത്' എന്ന് മറുപടി നൽകിയത്.

കെ സുധാകരന്റെ വരവിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്, 'അതൊക്കെ ആ പാർട്ടിയുടെ കാര്യമല്ലേ. ആ പാർട്ടി ഗുണത്തിനാണ് എന്ന് കണക്കാക്കാതെ അവർ ഒരു തീരുമാനമെടുക്കില്ലല്ലോ. അതിന്റെ ഭാഗമായി അവർ നടപടിയെടുക്കുന്നു. ഞാനിപ്പോ അതിനെപ്പറ്റി പറയാൻ ആളല്ലല്ലോ. അവർ ഗുണത്തിന് എന്ന് കണ്ടുകൊണ്ട് സ്വീകരിക്കുന്ന നടപടി അത് നമ്മുടെ നാട് കാണുകയല്ലേ. അതിനെ കുറിച്ച് ഞാനൊരു അഭിപ്രായത്തിലേക്ക് പോകുന്നില്ല. ഏതായാലും ഒന്നേ കാണേണ്ടതുള്ളൂ. അവരുടെ ഗുണത്തിന് വേണ്ടി അവർ സ്വീകരിക്കുന്ന നടപടിയാണ് എന്നു കണ്ടാൽ മതി' എന്ന് മുഖ്യമന്ത്രി മറുപടി നൽകി.

അദ്ദേഹം കണ്ണൂരുള്ള, താങ്കൾക്ക് അടുപ്പമുള്ള, അറിയാവുന്ന വ്യക്തിയാണ് എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ 'അത് പറയേണ്ട ആൾ ഞാനല്ല. ഞാൻ അദ്ദേഹത്തിന്റെ എതിർപക്ഷത്തു നിന്ന് പ്രവർത്തിച്ച ഒരാളാണല്ലോ. അദ്ദേഹത്തെ കുറിച്ച് നേരെ തൊട്ടടുത്ത് നിന്ന് പ്രവർത്തിച്ച അനുഭവമുള്ളവർ ആ പാർട്ടിയിൽ ഉള്ളവരല്ലേ. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പോലെ ഒരാളാണ് ഇവിടെ ആവശ്യം എന്ന് അവർക്ക് തോന്നിയതിന്റെ ഭാഗമായി അതു നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ ഗുണത്തിനാണെന്ന് അവർ കാണുന്നതിന്റെ ഭാഗമായിട്ടാവില്ലേ?' എന്നായിരുന്നു മറുപടി.

അതിനിടെ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ 100 ദിവസത്തെ കർമ്മ പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്ന് മുതൽ സെപ്തംബർ 19 വരെയാണ് കർമ്മപദ്ധതി. കോവിഡ് വ്യാപനം തടയാൻ ലോക്ക്‌ഡൌൺ സ്വീകരിച്ചപ്പോൾ സമ്പദ്ഘടനയിൽ ആഘാതം സംഭവിച്ചുവെന്നും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് അടിയന്തര ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി ശാസ്ത്ര സാങ്കേതിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story