Quantcast

‘ഫെഡറൽ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകർക്കുന്നവർക്കെതിരായ വിജയം’; ഉമർ അബ്ദുല്ലയെ അഭിനന്ദിച്ച് പിണറായി വിജയൻ

ബുധനാഴ്ചയാണ് ഉമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

MediaOne Logo

Web Desk

  • Published:

    16 Oct 2024 11:57 AM GMT

omar abdulla and pinarayi vijayan
X

തിരുവനന്തപുരം: ജമ്മു കശ്മീരിന്റെ പുതിയ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ അഭിനന്ദിച്ച് പിണറായി വിജയൻ. നമ്മുടെ ഫെഡറൽ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകർക്കുന്നവർക്കെതിരായ വിജയമാണിത്. നിങ്ങളുടെ സംസ്ഥാനത്തെ സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലേക്കും നയിക്കുന്നതിൽ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു.

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ്‌ ഉമർ അബ്ദുല്ല ബുധാനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തു.

ജമ്മുകശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്നയെ പരാജയപ്പെടുത്തിയ സുരിന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സകീന ഇത്തൂ, ജാവേദ് അഹ്‌മദ്‌ റാണ, ജാവേദ് അഹ്‌മദ്‌ ധാർ, സതീഷ് ശർമ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ.

അതേസമയം, മന്ത്രിസഭയിൽ കോൺഗ്രസ് അം​ഗങ്ങളില്ല. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണം. സർക്കാരിനു പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകാൻ നാഷണൽ കോൺഫറൻസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. എന്നാൽ, കോൺഗ്രസുമായി പ്രശ്നങ്ങൾ ഇല്ല എന്നും, ചർച്ച പൂർത്തിയാകും വരെ ചില സീറ്റുകൾ ഒഴിച്ചിടുമെന്നും മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിച്ച 57 സീറ്റുകളിൽ 47 എണ്ണത്തിലും നാഷണൽ കോൺഫറൻസ് വിജയിച്ചിരുന്നു. ഇൻഡ്യാ മുന്നണിയുടെ ഭാഗമായി 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

TAGS :

Next Story