Quantcast

''അവരുടെ 'വീരസവര്‍ക്കര്‍' മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടപ്പോള്‍ നിവര്‍ന്നുനിന്ന് പൊരുതി വെടിയുണ്ടയേറ്റുവാങ്ങിയ ആളാണ് വാരിയംകുന്നന്‍ '' പിണറായി

'ഹിന്ദുത്വ രാഷ്ട്രീയവുമായി സമരസപ്പെടുന്നവര്‍ക്ക് രാജ്യത്തെ ബദലാകാന്‍ കഴിയില്ല'; കോണ്‍ഗ്രസിനെതിരെ പിണറായി

MediaOne Logo

Web Desk

  • Updated:

    2021-12-27 06:44:52.0

Published:

27 Dec 2021 6:41 AM GMT

അവരുടെ വീരസവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടപ്പോള്‍ നിവര്‍ന്നുനിന്ന് പൊരുതി വെടിയുണ്ടയേറ്റുവാങ്ങിയ ആളാണ് വാരിയംകുന്നന്‍  പിണറായി
X

മലബാര്‍ സമരത്തിനിടെ ചില ഭാങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും മുഖ്യമന്ത്രി. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിടെയായിരുന്നു സ്വാതന്ത്ര്യ സമരസേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശം നടത്തിയത്.

വർഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍. അദ്ദേഹത്തെയാണ് ചിലർ വർഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്. മലബാർ സമരത്തെ വർഗീയവത്ക്കരിക്കാന്‍ ഹിന്ദു വർഗീയവാദികളും ഇസ്‍ലാമിക തീവ്രവാദികളും ശ്രമിക്കുന്നു. അവർ വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ചെറിയ പ്രശ്നങ്ങളിലും അവര്‍ വർഗീയത കണ്ടെത്തുന്നു. ലൗ ജിഹാദെന്ന പേരിലും വർഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഹലാല്‍ ഭക്ഷണത്തിന്‍റെ പേരിലും അതാണ് നാം കണ്ടത്. പിണറായി വിജയന്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തുകൊണ്ടാണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി നേര്‍ക്കുനേര്‍ പോരടിച്ച് വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായത്. അത് വിസ്മരിക്കരുത്. അദ്ദേഹം സൃഷ്ടിച്ച രാജ്യത്തിന് നല്‍കിയ പേര് മലയാള രാജ്യം എന്നായിരുന്നു. 1921 ലെ ഈ മലബാര്‍ പോരാട്ടത്തെ വര്‍ഗീയവല്‍കരിക്കാനാണ് ഹിന്ദുത്വ തീവ്രവാദികളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ടതാണ്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

യു.ഡി.എഫ് വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടുകയാണെന്നും അത് വർഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്നും പിണറായി വിമര്‍ശിച്ചു. അതേസമയം കോണ്‍ഗ്രസിന് രാജ്യത്തെ ബദലാകാന്‍ കഴിയില്ലെന്നും ഹിന്ദുത്വ രാഷ്ട്രീയവുമായി കോണ്‍ഗ്രസ് സമരസപ്പെടുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിയല്ല. ആര്‍.എസ്.എസ് നേരത്തെ തന്നെ അവരുടെ ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിച്ചിട്ടുണ്ട്, ആ നയമാണ് രാജ്യത്ത് ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്നത്.

ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് പകരം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസിന് ആശയമില്ലെന്നും അതിനാലാണ് പല കോണ്‍ഗ്രസുകാരും ബി.ജെ.പിയിലേക്ക് പോകുന്നതെന്നും പിണറായി പറഞ്ഞു. ബി.ജെ.പിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ വേണം. ഇടതുപക്ഷത്തിന്‍റെ നയം അതിന് സഹായിക്കുന്നതാണ്. ഓരോ സംസ്ഥാനത്തെ സാഹചര്യവും ചർച്ച ചെയ്യണം. സാമൂഹ്യമായി അവശത അനുഭവിക്കുന്നവരുടെ വിഷമത മാറ്റാന്‍ വേണ്ടിയാണ് രാഷ്ട്രീയ കക്ഷികള്‍ ഇടപെടേണ്ടത്. പിണറായി കൂട്ടിച്ചേര്‍ത്തു.

സി.പി.എം മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമായി. മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍ മൂന്നു ദിവസവും സമ്മേളനത്തിൽ പങ്കെടുക്കും. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.


TAGS :

Next Story