തുടർഭരണം വേണമെന്ന് ജനങ്ങൾ തീരുമാനിച്ചു: പിണറായി വിജയൻ
" നാടിന്റെ മുന്നോട്ടുള്ള യാത്രയിൽ വികസന പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമായുണ്ട്"
തിരുവനന്തപുരം: ഇടതു മുന്നണി നിയമസഭയിൽ നേടിയ വിജയത്തിന് ചരിത്രപ്രാധാന്യമുണ്ടെന്നും തുടർഭരണം വേണമെന്ന് ജനങ്ങളാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ ചരിത്രം തിരുത്തിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കും. കൂടുതൽ തൊഴിലവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. തൊഴിൽ സാധ്യതയും വർധിപ്പിക്കും. നാടിന്റെ മുന്നോട്ടുള്ള യാത്രയിൽ വികസന പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമായുണ്ട്. ഇത് സ്തംഭിക്കുന്നത് നാടിന് വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തും. അത് ഒരു തരത്തിലും നാട് ആഗ്രഹിക്കുന്നതല്ല. വികസന ക്ഷേമ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകും എന്നാണ് ജനങ്ങൾക്ക് നൽകാനുള്ള ഉറപ്പ്- മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരി ഭീഷണിയായി തുടരുകയാണ്. ഒന്നൊന്നര വർഷമായി കോവിഡ് നമ്മുടെ കൂടെയുണ്ട്. ഇത് ഭരണപക്ഷം പ്രതിപക്ഷം എന്ന രീതിയലല്ല എടുക്കേണ്ടത്. മഹാമാരിയെ പ്രതിരോധിക്കുന്നതിൽ നാം ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ വരെയാണ് ഇവിടെയിറക്കിയത്. ഈ ജനവിധി അതിനെല്ലാമുള്ള ഫലമാണ്. ലൈഫ് പദ്ധതിക്കെതിരായി പരാതിയുമായി കേന്ദ്ര ഏജൻസിയെ സമീപിച്ചു. അത്തരം പദ്ധതികളെ തകർക്കുന്ന നയമല്ല സ്വീകരിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16