'യു.പി ജനതയ്ക്ക് ആ ശ്രദ്ധക്കുറവുണ്ടാകട്ടെ'; കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ എഫ്.ബി പോസ്റ്റ്
ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താൻ യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്നും ബിജെപിയുടേത് അത്തരം പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്കരിക്കുന്നതും വിദ്വേഷത്തിൽ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി
കേരളം പോലെയാകാതിരിക്കാൻ 'ശ്രദ്ധിച്ചു' വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരമാണെന്നും യു.പി ജനതയ്ക്ക് ആ 'ശ്രദ്ധക്കുറവു'ണ്ടാകട്ടെയെന്നും അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ട്വിറ്ററിലൂടെ യോഗി ആദിത്യനാഥ് പുറത്തുവിട്ട വീഡിയോയിൽ യു.പി കേരളത്തെ പോലെയാകാതിരിക്കാൻ ശ്രദ്ധിച്ചു വോട്ടു ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് 'യു.പി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യു.പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു.പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്കുള്ളത്' എന്ന് പിണറായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഫേസ്ബുക്കിൽ വിശദ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുർദൈർഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരും അതിന്റെ വിവിധ ഏജൻസികളും ലോകമാകെയും ഈ നേട്ടം അംഗീകരിച്ചതാണെന്നും ഓർമിപ്പിച്ചു.
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം (മൾട്ടി ഡയമൻഷണൽ പോവർട്ടി ഇൻഡക്സ്) രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രർ ഉള്ള സംസ്ഥാനം കേരളമാണ്. നീതി ആയോഗിന്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയിൽ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തിൽ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തിൽ 97.9% സ്ത്രീകൾ സാക്ഷരർ ആണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. വികസിതരാജ്യമായ അമേരിക്കൻ ഐക്യനാടുകൾക്കൊപ്പം നിൽക്കുന്ന കണക്കാണത്- എന്നിങ്ങനെ കേരളത്തിന്റെ നേട്ടങ്ങൾ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
2019-20-ലെ നീതി ആയോഗ് ആരോഗ്യസൂചികയിൽ കേരളത്തിന്റെ ഹെൽത്ത് ഇൻഡക്സ് സ്കോർ 82.2 ആണ്. 2021-ലെ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ് - മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
ഇത്തരത്തിൽ സാമൂഹ്യജീവിതത്തിന്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താൻ യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്നും ബിജെപിയുടേത് അത്തരം പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്കരിക്കുന്നതും വിദ്വേഷത്തിൽ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്കെത്തിയാൽ നമ്മുടെ രാജ്യത്തിന്റെ തന്നെ നിലവാരം വികസിത രാജ്യങ്ങൾക്കൊപ്പമാകും എന്നു മനസ്സിലാക്കാൻ കഴിയാത്ത സഹതാപാർഹമായ പിന്തിരിപ്പൻ രാഷ്ട്രീയമാണ് യോഗിയുടേതെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാർ ആഗ്രഹിക്കുന്നത് കേരളത്തെ യുപിയെ പോലെ ആക്കാൻ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിന്റെ പോസ്റ്റിന്റെ പൂർണ രൂപം
കേരളം പോലെയാകാതിരിക്കാൻ 'ശ്രദ്ധിച്ചു' വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരമാണ്. ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുർദൈർഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിൻ്റെ മിക്ക സൂചികകളിലും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ കേന്ദ്ര സർക്കാരും അതിൻ്റെ വിവിധ ഏജൻസികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തർ പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത്.
നീതി ആയോഗിൻ്റെ ദാരിദ്ര്യ സൂചിക പ്രകാരം (മൾട്ടി ഡയമൻഷണൽ പോവർട്ടി ഇൻഡക്സ്) രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രർ ഉള്ള സംസ്ഥാനം കേരളമാണ്. നീതി ആയോഗിൻ്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തിൽ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തിൽ 97.9% സ്ത്രീകൾ സാക്ഷരർ ആണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. വികസിതരാജ്യമായ അമേരിക്കൻ ഐക്യനാടുകൾക്കൊപ്പം നിൽക്കുന്ന കണക്കാണത്.
2019-20-ലെ നീതി ആയോഗ് ആരോഗ്യസൂചികയിൽ കേരളത്തിൻ്റെ ഹെൽത്ത് ഇൻഡക്സ് സ്കോർ 82.2 ആണ്. 2021-ലെ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ്. ഇത്തരത്തിൽ സാമൂഹ്യജീവിതത്തിൻ്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താൻ യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണം.
കാരണം ബിജെപിയുടേത് അത്തരം പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്കരിക്കുന്നതും വിദ്വേഷത്തിൽ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് എല്ലാ സൂചികകളിലും കേരളത്തിൻ്റെ നിലവാരത്തിലേക്കെത്തിയാൽ നമ്മുടെ രാജ്യത്തിൻ്റെ തന്നെ നിലവാരം വികസിത രാജ്യങ്ങൾക്കൊപ്പമാകും എന്നു മനസ്സിലാക്കാൻ കഴിയാത്ത സഹതാപാർഹമായ പിന്തിരിപ്പൻ രാഷ്ട്രീയമാണത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാർ ആഗ്രഹിക്കുന്നത് കേരളത്തെ യുപിയെ പോലെ ആക്കാൻ ആണ്.
വർഗീയരാഷ്ട്രീയത്തിനു വളരാൻ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീർത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണ്. അതിൻ്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തു വന്നത്.
ഇവിടെ എൽ ഡി എഫ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ നേട്ടങ്ങൾ അക്കമിട്ടു പറഞ്ഞും കൃത്യമായ പ്രകടന പത്രിക മുൻനിർത്തിയുമാണ്. അതാണ് ശരിയായ രാഷ്ട്രീയ സമീപനം. അങ്ങനെ പറയാൻ സാധിക്കാത്തതു കൊണ്ടോ ജനങ്ങളുടെ രോഷം ഭയന്നോ ആകാം കേരളത്തിന് നേരെ ആക്ഷേപമുന്നയിക്കാൻ അദ്ദേഹം തയ്യാറായത്. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആർജിക്കാൻ തക്ക "ശ്രദ്ധക്കുറവു" ണ്ടാകട്ടെ എന്ന് ആശിക്കുന്നു.
Chief Minister Pinarayi Vijayan said that the suggestion made by BJP leader and Uttar Pradesh Chief Minister Yogi Adityanath to the people to vote 'carefully' so as not to be like Kerala was surprising and that the people of Uttar Pradesh should have that 'lack of attention'.
Adjust Story Font
16