നാളെത്തെ തലമുറയെ കണ്ടുകൊണ്ടാണ് വികസനം; വലതുപക്ഷം വികസന വിരോധികൾ: മുഖ്യമന്ത്രി
ഇന്ത്യൻ റെയിൽവേയുടെ നിർദേശപ്രകാരമാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത് പുതിയൊരു പാതയെക്കുറിച്ച് ചിന്തിക്കാൻ കേന്ദ്രമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: നാളെത്തെ തലമുറയെ കണ്ടുകൊണ്ടാണ് സർക്കാർ വികസന പദ്ധതികൾ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സംഘടിപ്പിച്ച കെ റെയിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ ഭാവിയെ കുറിച്ച് ഗൗരവതരമായി ചിന്തിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു യോഗം. നാളെത്തെ തലമുറയെ കണ്ടു കൊണ്ടാണ് വികസനം. നാർഭാഗ്യവശാൽ ചിലർ വികസന പദ്ധതികളെ എതിർക്കുന്നു. അവരെ ജനങ്ങൾക്ക് നേരത്തെ മുതൽ പരിചയമുണ്ട്. കേരളത്തിന്റെ പ്രത്യേകതകൾ ദേശീയ തലത്തിലും ആഗോള തലത്തിലും പഠിക്കുന്നു. ഭൂപരിഷ്‌കരണം നടപ്പാക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രം എല്ലാവർക്കുമറിയാം. ഭൂപരിഷ്‌കരണം നടപ്പിലാക്കായ 1957 ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്, സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു. അതിനെയെല്ലാം മറികടന്ന് സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണം ഇഎംഎസ് സർക്കാർ കൊണ്ടുവന്നു. വലതുപക്ഷം വികസന വിരോധികളാണ്. വലതുപക്ഷത്തിന് അതിന്റെ കെടുതി ആ രീതിയിൽ അനുഭവിക്കേണ്ടി വന്നിട്ടില്ല. അതിന് കാരണം 1957 മുതലുളള ഇടത് സർക്കാരാണ്.
പ്രകടന പത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിന്റെ വികസനമാണ്. ദേശീയപാത വികസനത്തിന് യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. നാടിന് ആവശ്യമാണെങ്കിൽ സർക്കാർ മുന്നോട്ട് പോകും. ജനങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസിലാകും. നല്ല രീതിയിൽ പുനരധിവാസവും ഭൂമിയും നൽകിയാണ് ദേശീയപാതാ വികസനം നടപ്പാക്കിയത്. സർക്കാർ ചെയ്യേണ്ട കാര്യം സർക്കാർ ചെയ്യണം. വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുകയാണ് പ്രധാനം. ഇതിന് പുറമെ തീരദേശ ഹൈവേയും മലയോര ഹൈവേയും നടപ്പാക്കുന്നുണ്ട്. കിഫ്ബി വഴിയാണ് ഇതിനുള്ള ധനസമാഹരണം.
റെയിൽവേ ഏറ്റവും വലിയ അവഗണനയാണ് നേരിടുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ നിർദേശപ്രകാരമാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത് പുതിയൊരു പാതയെക്കുറിച്ച് ചിന്തിക്കാൻ കേന്ദ്രമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞയാളും കേന്ദ്രമന്ത്രിയും ചേർന്ന് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയെന്ന് ഇ. ശ്രീധരനെ പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ അർധ അതിവേഗ പാതയാകാം കേരളത്തിൽ പറ്റില്ലെന്ന നിലപാടാണ്.
2017 ഒക്ടോബർ 27 ന് റെയിൽവേ ബോർഡ് ചെയർമാൻ കേരളത്തിൽ വന്നു. ചർച്ചയിൽ കേരളത്തിൽ മൂന്നും നാലും റെയിൽപാതകൾ വേണം എന്ന ആശയം ഉയർന്നു വന്നു. ഡിപിആറിൽ വ്യക്തത വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അത് സംസ്ഥാന സർക്കാർ നൽകി. 2021ലെ കേന്ദ്ര ബജറ്റിൽ സിൽവർ ലൈൻ പദ്ധതിയെ നാഷണൽ റെയിൽ പ്ലാനിന്റെ ഭാഗമായി ഉൾപ്പെടുത്തി. 2021 വരെ ഇല്ലാത്ത പ്രശ്‌നങ്ങൾ അതിന് ശേഷം ഉയർന്നു വന്നു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയതാണ് കാരണം. കേരളത്തിൽ ഏതെല്ലാം തരത്തിലുളള വികസന പദ്ധതികൾ വരുന്നുണ്ടോ അവയെ എല്ലാം എതിർക്കുന്ന സംഘടനകളുണ്ട്. അവർ വർഗീയത ഒരു വശത്ത് ആളിക്കത്തിക്കുന്നു. ആളുകളെ കൊന്ന് തങ്ങളുടെ ഭാഗം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. ഇതിനെതിരെ ഒരുവിട്ടുവീഴ്ചയുമില്ലാതെ സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16