ജില്ലാ സമ്മേളനങ്ങൾക്ക് സമാപനം; സിപിഎമ്മിൽ പിണറായി വിജയന്‍റെ അപ്രമാദിത്വം പ്രകടം
മുഖ്യമന്ത്രി ജില്ലാ സമ്മേളനങ്ങളിൽ സജീവമായതോടെ വിമർശനങ്ങളുടെ കടുപ്പം കുറഞ്ഞു

തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോൾ സിപിഎമ്മിൽ പ്രകടമാകുന്നത് പിണറായി വിജയന്‍റെ അപ്രമാദിത്വം. ബ്രാഞ്ച് മുതൽ ആദ്യ ജില്ലാ സമ്മേളനങ്ങൾ വരെ ആഭ്യന്തരവകുപ്പിനെതിരായ വിമർശനങ്ങൾ ഉണ്ടായെങ്കിലും പിന്നാലെ നടന്ന ജില്ലാ സമ്മേളനങ്ങളിൽ തിരക്കുകൾ മാറ്റിവെച്ച് മുഖ്യമന്ത്രി സജീവമായി പങ്കെടുത്തതോടെ വിമർശനങ്ങളുടെ കടുപ്പം കുറഞ്ഞു. പ്രായപരിധിയിൽ ഇളവ് നൽകി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയൻ എൽഡിഎഫിനെ നയിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്.
വിമർശനവും സ്വയം വിമർശനവും തിരുത്തലും എല്ലാമാണ് സിപിഎം സമ്മേളനങ്ങളുടെ ലക്ഷ്യം. ചില മേഖലകളിൽ വിമർശനവും സ്വയം വിമർശനവും ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം വരെ ഉണ്ടായിട്ടുണ്ട്. വിമർശനങ്ങളുടെ അടിസ്ഥാനത്തിലുള്ള തിരുത്തലിന് സിപിഎം എന്തു ചെയ്യും എന്നറിയാൻ സംസ്ഥാന സമ്മേളനം പൂർത്തിയാകുന്ന മാർച്ച് 9 വരെ കാത്തിരിക്കണം. സമ്മേളനങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആഭ്യന്തരവകുപ്പിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ആയിരുന്നു പാർട്ടിയിൽ സജീവ ചർച്ച.
ബ്രാഞ്ച് മുതൽ തിരുവനന്തപുരം ജില്ലാ സമ്മേളനം വരെ ഈ വിഷയങ്ങൾ ചർച്ചയായി . എന്നാൽ പിന്നീട് മുഖ്യമന്ത്രി ജില്ലാ സമ്മേളനങ്ങളിൽ സജീവമായതോടെ വിമർശനങ്ങളുടെ കടുപ്പം കുറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനങ്ങളിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കും പിണറായി വിജയൻ തന്നെ മറുപടി നൽകി.ഇന്നലെ തൃശൂർ ജില്ലാ സമ്മേളനം കൂടി പൂർത്തിയായതോടെ ഒരു കാര്യം വ്യക്തമാണ്. പിണറായി വിജയന്‍റെ അപ്രമാദിത്വം പാർട്ടിയിൽ വ്യക്തം. പലയിടങ്ങളിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വരെ അപ്രസക്തനാക്കി മുഖ്യമന്ത്രി.
തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി നിബന്ധനപ്രകാരമാണെങ്കിൽ പിണറായി വിജയന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. എന്നാൽ നിലവിലുള്ള ജില്ലാ കമ്മിറ്റികളുടെ സ്വഭാവം പരിഗണിക്കുകയാണെങ്കിൽ സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവർ കൂടുതൽ ഉണ്ടാകും. ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി ആയതുകൊണ്ട് കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണയിലേക്ക് വിഷയം വരുമ്പോഴും പ്രായപരിധിയിൽ മുഖ്യമന്ത്രിക്ക് ഇളവ് കിട്ടും. പ്രായപരിധിയിൽ ഇളവ് എന്ന ചർച്ച സിപിഎമ്മിന്‍റെ ഏത് ഘടകത്തിൽ വന്നാലും അത് മുഖ്യമന്ത്രിക്ക് അനുകൂലമായി വരും.ചുരുക്കത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയൻ ആയിരിക്കും എൽഡിഎഫിനെ നയിക്കുക. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി ഗോവിന്ദൻ തുടരാനാണ് സാധ്യത.
Adjust Story Font
16