കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ; പരിപാടികൾ അസാധാരണ സുരക്ഷാ വലയത്തിൽ
സുരക്ഷയൊരുക്കാൻ തളിപ്പറമ്പിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
കണ്ണൂർ: പ്രതിപക്ഷ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂർ ജില്ലയിൽ പരിപാടിയിൽ പങ്കെടുക്കും. മൂന്നാം ദിനവും അസാധാരണ സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറത്തും കോഴിക്കോട്ടും ശക്തമായ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് .
മലപ്പുറത്തും കോഴിക്കോട്ടും മുഖ്യമന്ത്രിയുടെ യാത്രയിലുടനീളം പ്രതിപക്ഷ യുവജന സംഘടനകൾ കരിങ്കൊടി പ്രതിഷേധവുമായെത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കോഴിക്കോട്ട് നിന്ന് രാത്രിയോടെ മുഖ്യമന്ത്രി കണ്ണൂരിലേക്ക് തിരിച്ചു. രാത്രിയിലും പക്ഷെ പ്രതിഷേധത്തിന് കുറവുണ്ടായില്ല. വടകരയിലും എലത്തൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശി. വടകര പുതിയ ബസ്റ്റാൻഡ് ജംഗ്ഷനിലും പെരുവാട്ടം താഴെയുമാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്
വടകരയിൽ യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി വീശി. രാവും പകലും ഒരു പോലെയാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ തളിപ്പറമ്പിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെയാണ് രാവിലെ 9 മുതൽ 12 വരെ നിയന്ത്രണം. വാഹനങ്ങൾ വഴിതിരിച്ച് വിടും. ആംബുലൻസുകൾക്ക് നിയന്ത്രണം ബാധകമല്ല. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിൽ തന്നെയാകും സ്വന്തം തട്ടകത്തിലും മുഖ്യമന്ത്രിയുടെ യാത്ര.
Adjust Story Font
16