പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യം; കടം വാങ്ങിയാൽ സംസ്ഥാനത്തെ ജപ്തി ചെയ്യുമോ?-ഇ.പി ജയരാജൻ
''യു.ഡി.എഫ് നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണ്. പിണറായിക്കെതിരെ ഒരു കുഴൽനാടൻ ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല''
EP Jayarajan
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയിൽ കല്ലുംകെട്ടി ആക്രമണത്തിന് തുനിഞ്ഞാൽ ജനം നോക്കിനിൽക്കില്ല. യു.ഡി.എഫ് സൃഷ്ടിച്ചത് നാശത്തിന്റെ കുഴിയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണ്. പിണറായിക്കെതിരെ ഒരു കുഴൽനാടൻ ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. കടം വാങ്ങിയാൽ സംസ്ഥാനത്തെ ജപ്തി ചെയ്യുമോ? അങ്ങനെയാണെങ്കിൽ ആദ്യം കേന്ദ്രത്തെ ജപ്തി ചെയ്യേണ്ടിവരുമെന്നും ജയരാജൻ പറഞ്ഞു.
കുറേ നാളായി തന്നെ പത്രക്കാർ അന്വേഷിച്ചു നടക്കുകയായിരുന്നു. എന്തായാലും ഇവിടെ പ്രത്യക്ഷപ്പെട്ടല്ലോ. പ്രായത്തിന്റെതായ ചില പ്രശ്‌നങ്ങളുണ്ട്. ഇവിടെ എത്തിയപ്പോൾ പഴയ പല നേതാക്കളെയും കാണാനായി എന്നായിരുന്നു ജാഥയിൽ വിട്ടുനിന്നതിനെ കുറിച്ചുള്ള വാർത്തകളോട് ജയരാജന്റെ പ്രതികരണം.
Adjust Story Font
16