പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം ഇന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും
വനിതാ സിവിൽ പൊലീസ് ഓഫീസർ രജിതയ്ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം
തിരുവനന്തപുരത്ത് അച്ഛനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് കുടുംബം. സെക്രട്ടേറിയറ്റ് പടിക്കൽ ഇന്ന് കുടുംബം ധർണ്ണ നടത്തും. വനിതാ സിവിൽ പൊലീസ് ഓഫീസർ രജിതയ്ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം. പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രജിതയെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ദക്ഷിണമേഖല ഐ.ജിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
ആറ്റിങ്ങലിലാണ് പ്രശ്നങ്ങള്‍ക്കാധാരമായ സംഭവം നടന്നത്. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു.
ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി.സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലംമാറ്റിയിരുന്നു. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.
Adjust Story Font
16