'പരീക്ഷക്കാലത്ത് ജയിലിലായിരുന്ന സഖാവിനെ ജയിപ്പിക്കാനും മാലോകരറിഞ്ഞാൽ തോൽപ്പിക്കാനും ടെക്‌നോളജി'; ആർഷോ വിവാദത്തിൽ പി.കെ അബ്ദുറബ്ബ്
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദമായതോടെ കോളജ് അധികൃതർ തെറ്റ് തിരുത്തി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരീക്ഷയെഴുതാതെ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. പരീക്ഷാ സമയത്ത് ജയിലിലായിരുന്ന സഖാവിനെ ജയിപ്പിക്കാനും മാലോകരറിഞ്ഞാൽ പിന്നെ തോൽപ്പിക്കാനും മാത്രം ടെക്‌നോളജി വികസിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. 'നിങ്ങൾ ഞങ്ങളെ തോൽപ്പിച്ചോളൂ... പക്ഷേ, അവസാനം തോൽക്കുന്നത് നിങ്ങളായിരിക്കും എന്ന കവിതയൊക്കെ ഇക്കാലത്ത് എത്ര പഴഞ്ചനാണെന്നും അദ്ദേഹം പരിഹസിച്ചു. ഈ വാക്കുകളെഴുതിയ പോസ്റ്റർ സഹിതമായിരുന്നു കുറിപ്പ്.
അതിനിടെ, ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദമായതോടെ കോളജ് അധികൃതർ തെറ്റ് തിരുത്തി. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് പുതുക്കി. പരീക്ഷ എഴുതാതെ വിജയിച്ചെന്ന മാർക്ക്‌ലിസ്റ്റ് വിവാദമായതോടെയാണ് കോളജിന്റെ തിരുത്ത്. ആർഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാൽ തോറ്റു എന്നുമാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്.
മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്റ്റാണ് വിവാദമായത്. മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റിൽ ആർഷോ പരീക്ഷ പാസായെന്നാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു.
ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ലാത്ത മാർക്ക് ലിസ്റ്റിൽ ആർഷോ പരീക്ഷ പാസായെന്നാണ് എഴുതിയത്. സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ട് എന്നാണ് കെ.എസ്.യു ആരോപണം. മാർക്ക് ലിസ്റ്റിലെ തെറ്റ് തിരുത്തിയതുകൊണ്ടു മാത്രം കാര്യമില്ല, ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നാണ് കെ.എസ്.യു- കോൺഗ്രസ് ആവശ്യം.
എന്നാൽ, ഫലം പ്രസിദ്ധികരിച്ചതിലെ സങ്കേതിക തകരാറാണ് കാരണമെന്നാണ് കോളജിന്റെ വിശദീകരണം. വിഷയം പരിശോധിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഇത് വിശ്വസനീയമല്ലെന്ന് കോൺഗ്രസും കെ.എസ്.യുവും പറയുന്നു.
അതേസമയം, മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി പരീക്ഷ കൺട്രോളർ രംഗത്ത് വന്നു. മാർക്ക് ലിസ്റ്റിൽ ആർഷോ പരീക്ഷ പാസായെന്ന് രേഖപ്പെടുത്തിയത് സോഫ്റ്റ്വെയറിലെ പിഴവ് കാരണം ആയിരിക്കാമെന്നാണ് പരീക്ഷാ കൺട്രോളറുടെ വിശദീകരണം.
അതിനിടെ, മൂന്നാം സെമസ്റ്റർ പരീക്ഷ താൻ എഴുതിയിട്ടില്ലെന്നും മാർക്ക് ലിസ്റ്റോ ഫലമോ കണ്ടിട്ടില്ലെന്നും ആർഷോ മീഡിയവണിനോട് പറഞ്ഞു. സംഭവത്തിൽ കോളജിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ആർഷോയുടെ പ്രതികരണം. എഴുതാത്ത പരീക്ഷയായതു കൊണ്ടുതന്നെ അതിന്റെ ഫലം വന്നതും തന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഫലം പരിശോധിച്ചിട്ടുമില്ല. മാർക്ക് ലിസ്റ്റ് കണ്ടിട്ടുമില്ല.
എഴുതാത്ത പരീക്ഷ വിജയിപ്പിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരമൊരു പിഴവുണ്ടായിട്ടുണ്ടെങ്കിൽ അതിൽ അന്വേഷണം ഉണ്ടാവണം. ആരുടെ ഭാഗത്താണ് ആ പോരായ്മ ഉണ്ടായതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പിഴവുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം എക്സാം കൺട്രോളർ ഉൾപ്പെടെയുള്ളവർക്കായിരിക്കും. അന്വേഷണം വേണമെന്നും ഗുരുതര പിഴവാണതെന്നും ആർഷോ വിശദമാക്കിയിരുന്നു.
PK Abdurab reacts on Maharaja's College Mark List, Arsho controversy
Adjust Story Font
16