'എസ്ഡിപിഐക്ക് സ്ഥാനാർഥിയില്ല, ബിജെപി വോട്ട് കുറഞ്ഞു'; താനൂരിൽ വി. അബ്ദുറഹ്മാൻ ജയിച്ചത് എസ്ഡിപിഐ, ബിജെപി പിന്തുണയോടെ: പി.കെ അബ്ദുറബ്ബ്
എസ്ഡിപിഐയോടും, ജമാഅത്തെ ഇസ്‌ലാമിയോടും, ബിജെപിയോടുമൊക്കെ ഇത്ര അരിശമാണ് അബ്ദുറഹിമാനെങ്കിൽ അവരുടെയൊക്കെ ചെലവിൽ നേടിയ എംഎൽഎ കുപ്പായം അഴിച്ചുവെക്കണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു.
കോഴിക്കോട്: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ മന്ത്രി വി. അബ്ദുറഹ്മാൻ വിജയിച്ചത് എസ്ഡിപിഐ, ബിജെപി വോട്ട് വാങ്ങിയാണെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. 2016ൽ എസ്ഡിപിഐ താനൂരിൽ 1151 വോട്ട് നേടിയിരുന്നു. 2021ൽ അവർ മത്സരിച്ചില്ല. ബിജെപി 2016ൽ 11,051 വോട്ട് നേടിയിരുന്നു. 2021ൽ 10,590 വോട്ടാണ് നേടാനായത്. എസ്ഡിപിഐയും ജമാഅത്തും മാത്രമല്ല ബിജെപി പോലും സിപിഎമ്മിനെ സഹായിച്ചു എന്നാണ് ഈ കണക്കുകൾ കാണിക്കുന്നതെന്ന് അബ്ദുറബ്ബ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2016ലെയും 2021 ലെയും താനൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ചിത്രത്തിൽ. 2016 നെ അപേക്ഷിച്ച് 2021 ലുണ്ടായ മാറ്റം ഈ പട്ടിക കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും. 2021 ൽ SDPI താനൂരിൽ മത്സരിച്ചതേയില്ല... ആ വോട്ട് തെക്കും വടക്കും നോക്കാതെ നേരെ മാമൻ്റെ പെട്ടിയിൽ വീണു.
BJP ക്കാവട്ടെ 2016 ലേതിനേക്കാൾ മൊഞ്ചുള്ള സ്ഥാനാർത്ഥിയായിട്ടും 2021 ൽ വോട്ട് കുറയുകയും ചെയ്തു. ആകെ പോൾ ചെയ്തതിൽ 2016നേക്കാൾ 12000 ലേറെ വോട്ടുകൾ പോൾ ചെയ്ത 2021 ലാണ് BJP ക്കു വോട്ടു ചോർച്ചയുണ്ടായത്...ആ വോട്ടെവിടെപ്പോയി എന്നോർത്ത് ആരും വിഷമിക്കേണ്ട. 2020ലെ താനൂർ നഗരസഭയിലെയടക്കം തദ്ദേശ തെരഞ്ഞെടുപ്പു ഫലം കൂടി പരിശോധിച്ചാൽ മതി.
2020ൽ താനൂരിൽ BJP ക്ക് 7 സീറ്റുണ്ടായിരുന്നു, ആ BJP വാർഡുകളിൽപ്പോലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ LDF നായിരുന്നില്ലേ ലീഡ്. SDPIയോ, ജമാഅത്തോ മാത്രമല്ല, സാക്ഷാൽ BJP പോലും നിങ്ങളെ സഹായിച്ചാൽ അവർ നല്ലവനുക്ക് നല്ലവനാണ്. നിങ്ങളെ ആരെതിർത്താലും അവരാണ് മോശപ്പെട്ടവരേക്കാൾ റൊമ്പ മോശം..! മൂത്ത ലീഗ് വിരോധം നിമിത്തം കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പുമായി വരെ കൂട്ടു കൂടുന്ന രാഷ്ട്രീയ പാപ്പരത്തത്തിൻ്റെ പേരാണ് ഇടതുപക്ഷം.
SDPIയോടും, ജമാഅത്തെ ഇസ്ലാമിയോടും, BJP യോടുമൊക്കെ ഇത്ര അരിശമാണ് അബ്ദുറഹിമാനെങ്കിൽ അവരുടെയൊക്കെ ചെലവിൽ നേടിയ MLA കുപ്പായം അങ്ങഴിച്ച് വെക്കണം മിനിസ്റ്റർ.
Adjust Story Font
16