Quantcast

രാവിലെ എം.എസ്.എഫ് ആണെന്ന് പറഞ്ഞ് രംഗത്തുവന്ന ന്യായീകരണതിലകം വൈകീട്ടായപ്പോൾ എസ്.എഫ്.ഐ തന്നെയായി -പി.കെ. അബ്ദുറബ്ബ്

‘വിദ്യാർത്ഥികളെ, കോളേജുകൾക്ക് മുമ്പിൽ നിങ്ങൾ ഇങ്ങനെയൊരു ബോർഡ് വെക്കുക. #SFIയുണ്ട്_സൂക്ഷിക്കുക’

MediaOne Logo

Web Desk

  • Updated:

    2024-03-03 09:05:03.0

Published:

3 March 2024 9:02 AM GMT

രാവിലെ എം.എസ്.എഫ് ആണെന്ന് പറഞ്ഞ് രംഗത്തുവന്ന ന്യായീകരണതിലകം വൈകീട്ടായപ്പോൾ എസ്.എഫ്.ഐ തന്നെയായി -പി.കെ. അബ്ദുറബ്ബ്
X

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്.എഫ്.ഐക്ക് മാത്രമാണ് പ​ങ്കെന്ന് മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. ഒരു വിദ്യാർഥിയെ നൂറിലേറെ വരുന്ന മറ്റു വിദ്യാർഥികളുടെ മുമ്പിലിട്ട് മുണ്ടുരിഞ്ഞ് നഗ്നനാക്കുന്ന മനസ്സാക്ഷിയില്ലായ്മയുടെ പേരാണിന്ന് എസ്.എഫ്.ഐയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിദ്യാർഥിയുടെ മരണത്തിൽ എസ്.എഫ്.ഐക്ക് പങ്കില്ലെന്നും മൂന്ന് ദിവസം തുടർച്ചയായി മർദിച്ചിട്ടില്ലെന്നും കാണിച്ച്, എം.എസ്.എഫുകാരനാണെന്ന് അവകാശപ്പെട്ട വിദ്യാർഥി രംഗത്തുവന്നിരിന്നു. എന്നാൽ, ഇയാൾ എസ്.എഫ്.ഐ പ്രവർത്തകൻ തന്നെയാണെന്ന് സംഘടനയുടെ വെറ്ററിനറി യൂനിറ്റ് അംഗങ്ങളുടെ ചിത്രം പങ്കു​വെച്ച് അബ്ദുറബ്ബ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു കാര്യം കൂടുതൽ ഉറപ്പാവുകയാണ്. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ SFIക്ക് നല്ല പങ്കുണ്ട് എന്നല്ല, എസ്.എഫ്.ഐക്ക് മാത്രമാണ് പങ്ക് എന്നാണ് പറയേണ്ടത്.

ഒരു വിദ്യാർത്ഥിയെ നൂറിലേറെ വരുന്ന മറ്റു വിദ്യാർത്ഥികളുടെ മുമ്പിലിട്ട് മുണ്ടുരിഞ്ഞ് നഗ്നനാക്കുന്ന മനസ്സാക്ഷിയില്ലായ്മയുടെ പേരാണിന്ന് SFI. റാഗ് ചെയ്തും, മർദ്ധിച്ചും കലി തീരാഞ്ഞിട്ട്, മൂന്ന് ദിവസത്തോളം പട്ടിണിക്കിടുന്ന മനുഷ്യത്വമില്ലായ്മയുടെ പേരാണിന്ന് SFI. മരണപ്പെട്ടതിൻ്റെ പിറ്റേന്ന് പോലും കോളേജ് അധികൃതരുമായി ചേർന്ന് അവനെതിരെ വ്യാജ പരാതികളുണ്ടാക്കുന്ന രാഷ്ട്രീയ കാപട്യത്തിൻ്റെയും പേരാണ് SFI.

അറും കൊലയെ ന്യായീകരിക്കാൻ എല്ലാ കൊലപാതകത്തിലും പയറ്റുന്ന അതേ തന്ത്രം, Msfകാർ എന്ന പേരിൽ ചിലരെ കെട്ടിയിറക്കി പിന്നെയും പിന്നെയും കളവുകൾ മാത്രം എഴുന്നള്ളിച്ച് അപഹാസ്യരാവുന്ന രാഷ്ട്രീയ പാപ്പരത്തത്തിന്റെ പേരാണ് SFI. സ്വാതന്ത്ര്യം, ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയിലെഴുതി വെച്ച്, മറ്റുള്ളവരുടെ സ്വാതന്ത്ര്യം മാത്രമല്ല, ജീവൻ വരെ ഇല്ലാതാക്കുന്ന ഒരു കൂട്ടം തെമ്മാടികളാണിന്ന് SFI.

വിദ്യാർത്ഥികളെ, കോളേജുകൾക്ക് മുമ്പിൽ നിങ്ങൾ ഇങ്ങനെയൊരു ബോർഡ് വെക്കുക. #SFIയുണ്ട്_സൂക്ഷിക്കുക.

ബാക്കി: -

രാവിലെ MSF ആണെന്ന് പറഞ്ഞ് രംഗത്തു വന്ന ആ ന്യായീകരണതിലകം വൈകീട്ടായപ്പോൾ SFI തന്നെയായത്രെ. ദേ..വന്നു ദേ പോയി..






TAGS :

Next Story