Quantcast

തനിക്ക് വിഷമമുള്ളത് എ.എന്‍ ഷംസീറിന്റെ കാര്യത്തില്‍, ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചെന്ന് പി.കെ ബഷീര്‍

ക്രിയാത്മക പ്രതിപക്ഷത്തെ കുറിച്ച് പറയുന്നവര്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കാണിച്ചത് കേരളം കണ്ടതാണ്.

MediaOne Logo

Web Desk

  • Updated:

    2021-06-01 03:45:19.0

Published:

31 May 2021 2:08 PM GMT

തനിക്ക് വിഷമമുള്ളത് എ.എന്‍ ഷംസീറിന്റെ കാര്യത്തില്‍, ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചെന്ന് പി.കെ ബഷീര്‍
X

നന്ദിപ്രമേയ ചര്‍ച്ചയില്‍ സഭയില്‍ ചിരിപടര്‍ത്തി ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ പ്രസംഗം. തനിക്ക് ആകെയുള്ള വിഷമം എ.എന്‍ ഷംസീറിന്‍റെ കാര്യത്തിലാണെന്നായിരുന്നു ബഷീറിന്റെ പരാമര്‍ശം. ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചതുപോലെയാണ് ഷംസീറിനെ ഒഴിവാക്കി അദ്ദേഹത്തെക്കാള്‍ ജൂനിയറായ വ്യക്തിയെ മന്ത്രിയാക്കിയത്. പാര്‍ട്ടി ക്ലാസുകളെടുക്കുന്ന എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനെക്കുറിച്ച് ഷംസീറിന് ഒന്ന് വിശദീകരിച്ചു കൊടുക്കണം. ഞങ്ങളെപ്പോലുള്ളവര്‍ വരുമ്പോള്‍ താത്വികം വിട്ട് സ്വല്‍പം പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്ററോട് പി.കെ ബഷീര്‍ പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ എല്ലാ നല്ലകാര്യങ്ങള്‍ക്കും പ്രതിപക്ഷം നല്‍കിയിട്ടുണ്ട്. എന്നാല്‍ കക്കുന്നതിനും അഴിമതി നടത്തുന്നതിനും സര്‍ക്കാറിനെ താങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ ലോകത്ത് എല്ലായിടത്തും നടന്ന തെരഞ്ഞെടുപ്പുകളില്‍ ട്രംപല്ലാത്ത എല്ലാ ഭരണാധികാരികളും അധികാരം നിലനിര്‍ത്തിയിട്ടുണ്ട്. അതിന്റെ ആനുകൂല്യം മാത്രമാണ് പിണറായി സര്‍ക്കാറിനും കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ബംഗാളിലേക്ക് നോക്കൂ ത്രിപൂരയിലേക്ക് നോക്കൂ എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ എന്താ മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പണ്ട് കോണ്‍ഗ്രസിനെ പരിഹസിച്ച സി.പി.എമ്മില്‍ ഇപ്പോള്‍ പിണറായിയുടെ വണ്‍മാന്‍ ഷോയാണ് നടക്കുന്നത്. ഏതെങ്കിലും ഒരു നേതാവിന്റെ ഫോട്ടോവെച്ച് പ്രചാരണം നടത്തുന്ന രീതി സി.പി.എമ്മില്‍ ഇല്ലാത്തതാണ്. നിലവില്‍ ഒരു കമ്മ്യൂണിസ്റ്റ് മൂല്യവുമില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും പി.കെ ബഷീര്‍ പറഞ്ഞു.

ക്രിയാത്മക പ്രതിപക്ഷത്തെ കുറിച്ച് പറയുന്നവര്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കാണിച്ചത് കേരളം കണ്ടതാണ്. ലീഗിന് 13 സീറ്റാണ് മുമ്പ് ഉണ്ടായിരുന്നത്. 2006ല്‍ എട്ട് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 20 സീറ്റായി ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് കുറയുന്നതും കൂടുന്നതും സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയ പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയാക്കിയ കോണ്‍ഗ്രസിനെ സ്ത്രീപ്രാതനിധ്യത്തെക്കുറിച്ച് സി.പി.എം പഠിപ്പിക്കേണ്ടെന്നും പി.കെ ബഷീര്‍ പറഞ്ഞു.

TAGS :

Next Story