'നവാസ് മാപ്പ് പറഞ്ഞില്ലേ, വിവാദം അവസാനിപ്പിക്കണം' ഹരിത വിവാദം അടഞ്ഞ അധ്യായമെന്ന് പി.കെ ഫിറോസ്
പാർട്ടിയിൽ വിശ്വസിക്കുന്നവർ പാർട്ടിതീരുമാനം അംഗീകരിക്കണമെന്നും ഫിറോസ് പറഞ്ഞു.
ഹരിത വിവാദം അടഞ്ഞ അധ്യായമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പി.കെ നവാസിന്‍റെ പരാമർശം രാഷ്ട്രീയ ശരികേടാണെന്നു പറഞ്ഞ ഫിറോസ് നവാസ് മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിക്കേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. പാർട്ടിയിൽ വിശ്വസിക്കുന്നവർ പാർട്ടിതീരുമാനം അംഗീകരിക്കണമെന്നും ഫിറോസ് പറഞ്ഞു.
ഹരിതാ നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസ് ഖേദം പ്രകടിപ്പിച്ചിരുന്നു. ഹരിത നേതാക്കൾ ആരോപിക്കുന്നത് പോലെ ആരെയും വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ലെന്നും നവാസ് പറഞ്ഞു. എങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതായി മനസിലാക്കുന്നുവെന്നും അതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് നവാസിന്‍റെ വിശീകരണം. പാര്‍ട്ടിയാണ് പ്രധാനമെന്നും വിവാദങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ നവാസ് പറഞ്ഞു
അതേസമയം ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ലെന്ന് മുസ്‍ലിം ലീഗ് നേരത്തെ അറിയിച്ചിരുന്നു. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതായും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുമെന്നും ലീഗ് പത്രപ്രസ്താവനയിലൂടെയാണ് അറിയിച്ചിരുന്നത്.
അതേസമയം എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിൻവലിക്കില്ലെന്ന് ഹരിത വ്യക്തമാക്കി. വനിതാകമ്മീഷനിൽ നൽകിയ പരാതി പിൻവലിച്ചിട്ടില്ലെന്നു ഹരിത നേതാക്കൾ പറഞ്ഞു. പരാതി പിൻവലിക്കില്ലെന്നും നീതി വേണമെന്നുമാണ് ഹരിതയുടെ നിലപാട്. സംഭവത്തില്‍ ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചതായും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുമെന്നും ലീഗ് പത്രപ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് ഹരിത നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് രംഗത്തുവന്നത്.
എം.എസ്.എഫ് നേതാക്കള്‍ക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്നാണ് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചത്. ഹരിതയും എം.എസ്.എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മുസ്‍ലിം ലീഗ് അറിയിച്ചു
Adjust Story Font
16