ബാർ കോഴക്കാലത്ത് പണം മേശപ്പുറത്തുവെച്ചിട്ടും വാങ്ങിയില്ലെന്ന സർട്ടിഫിക്കറ്റ് എനിക്കുണ്ട്: പി.കെ കുഞ്ഞാലിക്കുട്ടി
തന്റെ കൈകൊണ്ട് ഒരാളോടും പണം വാങ്ങിയിട്ടില്ല. പാർട്ടി സംഭാവന വാങ്ങിയിട്ടുണ്ടെങ്കിൽ അതിന് രസീറ്റും കൊടുത്തിട്ടുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വിശദീകരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തന്റെ കൈകൊണ്ട് ഒരാളോടും പണം വാങ്ങിയിട്ടില്ല. പാർട്ടി സംഭാവന വാങ്ങിയിട്ടുണ്ടാവാം. അതിന് രസീറ്റ് കൊടുത്തിട്ടുണ്ടാവും കണക്കുംവെച്ചിട്ടുണ്ടാവും. പാർട്ടി നേതാക്കളുടെ പേരാണ് പുറത്തുവന്നത്. ഇവരെല്ലാം പാർട്ടിയെ നയിക്കുന്നവരാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽനിന്ന് പലരും സംഭാവന വാങ്ങിയിട്ടുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാസപ്പടി വിവാദത്തിൽ യു.ഡി.എഫ് നേതാക്കളുടെ പേരും ഉൾപ്പെട്ടതിനാൽ വീണാ വിജയനെതിരായ ആരോപണം നിയമസഭയിൽ ഉന്നയിക്കണമോ എന്നതിൽ യു.ഡി.എഫിന് ആശയക്കുഴപ്പുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചി മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടറായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്ന ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ കണ്ടെത്തിയ ഡയറിയിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്നുവർഷം നൽകിവന്ന പണത്തിന്റെ കണക്കുകളും ഉണ്ടായിരുന്നു. വീണാ വിജയന് പുറമേ യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹീം കുഞ്ഞ് തുടങ്ങിയവരുടെ പേരുകളാണ് ശശിധരൻ കർത്തയുടെ ഡയറിയിലുള്ളത്.
Adjust Story Font
16