'പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന പ്രസ്താവന'; കേക്ക് വിവാദത്തിൽ ഹമീദ് ഫൈസിക്കെതിരെ കുഞ്ഞാലിക്കുട്ടി
വിഭാഗീയ പ്രസ്താവനകൾ ആര് നടത്തിയാലും ലീഗ് അവജ്ഞയോടെ തള്ളി കളയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊച്ചി: സാദിഖലി ശിഹാബ് തങ്ങൾ ക്രിസ്മസ് കേക്ക് കഴിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സമസ്ത നേതാവ് ഹമീദ് ഫൈസിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഉയർത്തി പിടിക്കുന്ന പാരമ്പര്യമാണ് ഹൈദരലി തങ്ങളും ഉയർത്തിപ്പിടിച്ചത്. പൊതുസമൂഹത്തെ കൂട്ടുപിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ. അല്ലാത്തതൊക്കെ വിഭാഗീയതയോ വർഗീയതയോ ആണ്. അത്തരം വിഭാഗീയ പ്രസ്താവനകൾ ആര് നടത്തിയാലും ലീഗ് അവജ്ഞയോടെ തള്ളി കളയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹമീദ് ഫൈസിയുടെ പ്രസ്താവന പൊതു സമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുക. അത്തരം കാര്യങ്ങൾ നിർത്തുന്നതാണ് നല്ലത്. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. നിരന്തരം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന്റെ ഉദ്ദേശം വേറെയാണ്. പച്ചവെള്ളത്തിൽ തീ പിടിക്കുന്ന പ്രസ്താവനകൾ പറയുന്നത് കേരളം അവജ്ഞയോടെ നേരിടും. ക്ലിമിസ് ബാവയും സാദിഖലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നല്ല കാര്യമാണ്. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം കേരളത്തിന്റെ പാരമ്പര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Adjust Story Font
16