'എംഎസ്എഫുകാർ ഫാൻസ് അസോസിയേഷനാകരുത്'; വിവാദങ്ങളിൽ പികെ നവാസ്
"ആരുടെയെങ്കിലും സഞ്ചി പിടിച്ചാൽ മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂവെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് നിലപാട്"
ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. പാർട്ടിക്കും പാണക്കാട് തങ്ങന്മാർക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും തന്നിൽ നിന്നുണ്ടായിട്ടില്ലെന്ന് നവാസ് പറഞ്ഞു. എംഎസ്എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദങ്ങളോടുള്ള നവാസിന്റെ മറുപടി.
തെറ്റ് പറ്റിയാൽ തെറ്റ് പറ്റിയെന്നു അംഗീകരിക്കും. അതാണ് മഹത്തരം. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. ആരുടെയെങ്കിലും സഞ്ചി പിടിച്ചാൽ മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂവെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് നിലപാട്. എംഎസ്എഫുകാർ ഫേസ്ബുക്കിലെ ഫാൻസ് അസോസിയേഷൻ ആകരുത്- അദ്ദേഹം പറഞ്ഞു.
സംഘടനക്കകത്ത് സംഘങ്ങളിലല്ല അംഗങ്ങളാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമാന്തര സംഘങ്ങളിൽ അംഗമാകാതിരിക്കുന്നതാണ് തന്റെ രാഷ്ട്രീയ ബോധമെന്നും നവാസ് കൂട്ടിച്ചേർത്തു.
ഫാത്തിമ തഹ്ലിയ നാളെ മാധ്യമങ്ങളെ കാണും
അതിനിടെ, ഹരിത വിവാദത്തിൽ പ്രതികരിക്കുന്നതിനായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ നാളെ ഉച്ചക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പരോക്ഷ വിമർശനവുമായി തഹ്ലിയ നേരത്തെ രംഗത്തെത്തിയിരുന്നു. ആണഹന്തക്കെതിരെ പൊരുതിയ ഗൗരിയമ്മയാണ് തന്റെ ഹീറോ എന്നായിരുന്നു തഹ്ലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. ഇതിനെ തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാൻ ലീഗ് തീരുമാനിച്ചത്.
പരാതി പറഞ്ഞ ഹരിതക്കെതിരെ നടപടിയെടുത്തത് സംഘടനക്കുള്ളിൽ തന്നെ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ലീഗ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ് രാജിവെച്ചു.
Adjust Story Font
16