കോവാക്സിനെടുത്തതിനാല്‍ ഗള്‍ഫില്‍ പോകാനാകുന്നില്ലെന്ന് പ്രവാസി; ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു
കോവാക്സിന് സൗദിയിൽ അനുമതി ഇല്ലെന്നും അതിനാല്‍ കോവിഷീൽഡ് വാക്സിൻ നൽകണമെന്നും പ്രവാസി
രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചതിനാൽ ജോലി ആവശ്യത്തിനായി ഗൾഫിലേക്ക് പോകാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ഹൈക്കോടതിയെ സമീപിച്ചു. കോവാക്സിന് സൗദി അറേബ്യയിൽ അനുമതി ഇല്ലെന്നും അതിനാല്‍ കോവിഷീൽഡ് വാക്സിൻ നൽകിയില്ലെങ്കിൽ സൗദിയിലെ തന്‍റെ ജോലി നഷ്ടമാവുമെന്നും കാണിച്ചാണ് ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ ടി കെ ഹരജി നൽകിയത്.
മറ്റൊരു കമ്പനി ഇറക്കുന്ന മറ്റൊരു വാക്സിൻ എടുക്കുന്നത് ലോകത്തുള്ള മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ അസാധാരണമായ കാര്യമല്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. കാനഡ, ഇസ്രായേൽ, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളും മൂന്നാമത് വാക്സിൻ നൽകിത്തുടങ്ങി. അനുമതി ഇല്ലാത്ത ആദ്യ രണ്ട് വാക്സിനുകൾ നൽകിയ കാനഡയിലെ ക്വിബേക്ക് സർക്കാര്‍ ഇങ്ങനെ ലോകയാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവരുടെ ജനങ്ങൾക്ക് മൂന്നാമത് വാക്സിൻ നൽകിയ കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടി. എബോള , മലേറിയ, എച്ച്ഐവി തുടങ്ങിയ രോഗങ്ങൾക്ക് നേരത്തെ പലവിധ വാക്സിനുകൾ പരീക്ഷിച്ച് കൂടുതൽ പ്രതിരോധ ശേഷി ജനങ്ങളിൽ കണ്ടെത്തിയിരുന്നു. ഹരജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനോട് ഇത്രയും വേഗം മറുപടി നൽകാൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
കോവാക്സിന് രാജ്യാന്തര അനുമതി ഇല്ല എന്ന കാര്യം ജനങ്ങളെ ഔദ്യോഗികമായി അറിയിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഏത് വാക്സിൻ എടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. അഡ്വ മനാസ് പി ഹമീദ് മുഖാന്തരമാണ് ഗിരികുമാർ ഹരജി നല്‍കിയത്.
Adjust Story Font
16