പ്ലസ് വൺ പ്രവേശനം; അപേക്ഷാ തിയതി നാളെ വരെ നീട്ടി
തിയതി നീട്ടണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനപേക്ഷിക്കാനുള്ള സമയ പരിധി നാളെവരെ നീട്ടി. നാളെ ഉച്ചക്ക് മൂന്ന് മണിക്ക് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് സപ്ലിമെൻറി അലോട്ട്‌മെൻറിൽ അവസരമൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വൈകി ക്ലാസ് തുടങ്ങിയാൽ 200 പ്രവര്‍ത്തന ദിവസം പൂർത്തിയാക്കാൻ പറ്റുമോ എന്ന സംശയവും സർക്കാർ കോടതിയെ അറിയിച്ചു. മിക്കവാറും സിബിഎസ്ഇ സ്‌കൂളുകളിലും പ്ലസ് 2 ഉണ്ടെന്നും ഇനിയും സമയം നീട്ടി നൽകാൻ ആവില്ല എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ എത്രയും വേഗം റിസൾട്ട് പ്രസിദ്ധികരിക്കാനുള്ള ശ്രമത്തിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ റിസൾട്ട് പബ്ലിഷ് ചെയ്യാൻ സാധ്യതയുണ്ടെന്നും സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ തിങ്കളാഴ്ച വരെ സമയം അനുവദിച്ചാൽ അത് നീണ്ടുപോകുമെന്നും തൽക്കാലം നാളെ വരെ സമയം നീട്ടിയതായും കോടതി പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ നൽകിയ ഹരജിയിയാണ് കോടതി പരിഗണിച്ചത്. സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ തങ്ങൾക്ക് അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നാണ് ഹർജിയിലുളളത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നതിനുളള സമയപരിധി ഇന്നുവരെ നീട്ടിയിരുന്നു. ഇന്നുച്ചക്ക് ഒരുമണിവരെയായിരുന്നു വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി. ആദ്യം 18 ആയിരുന്നു അവസാന തീയതി എങ്കിലും പിന്നീട് സമയം നീട്ടുകയായിരുന്നു. സിബി എസ് ഇ ഫലം വരാത്തതിനാൽ ഹൈക്കോടതി തീയതി നീട്ടാൻ നിർദേശിച്ചതിനെ തുടർന്നായിരുന്നു ഇത്.
Adjust Story Font
16