പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും; മലബാറിൽ പുറത്തുനിൽക്കുന്നത് പതിനായിരക്കണക്കിന് വിദ്യാർഥികൾ
അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ സന്തോഷത്തോടെ സ്‌കൂളിലേക്ക് പോകുമ്പോൾ മലബാറിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളടക്കം 80000 - ത്തിലധം വിദ്യാർഥികൾക്ക് ഇനിയും പ്രവേശനം ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. പ്രവേശനം ലഭിച്ച പ്ലസ് വൺ വിദ്യാർഥികൾ ഇന്ന് സ്‌കൂളിലേക്കെത്തുമ്പോൾ മലബാർ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പുറത്ത് നിൽക്കുന്നത്. മുഴുവൻ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാർഥികളും പ്രവേശനം കിട്ടാത്തവരിലുണ്ട്. പൊതു അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഇന്ന് ക്ലാ്‌സ് ആരംഭിക്കില്ല.
മൂന്ന് അലോട്ട്‌മെന്റുകളും പൂർത്തിയാക്കി നേരത്തെ പ്രഖ്യാപിച്ചപോലെ പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങുകയാണ്. എല്ലാ സ്‌കൂളുകളിലും വിദ്യാർഥികളെ സ്വീകരിക്കാൻ പരിപാടികൾ നടത്തും. അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ സന്തോഷത്തോടെ സ്‌കൂളിലേക്ക് പോകുമ്പോൾ മലബാറിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളടക്കം 80000 - ത്തിലധം വിദ്യാർഥികൾക്ക് ഇനിയും പ്രവേശനം ലഭിച്ചിട്ടില്ല. പ്ലസ് വണിന് ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്തായിരുന്നു. ഇവിടെ 33,332 വിദ്യാർഥികൾ പുറത്താണ്. കോഴിക്കോട് 16,453ഉം പാലക്കാട് 16,897ഉം, കണ്ണൂരിൽ 8383ഉം വിദ്യാർഥികൾക്ക് ഇനിയും പ്രവേശനം ലഭിച്ചിട്ടില്ല. ഇനി ബാക്കിയുള്ളത് 1,113 സീറ്റുകൾ മാത്രമാണ്.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെൻറുകൾക്ക് ശേഷം മാത്രമേ പുതിയ ബാച്ചുണ്ടാകൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. സർക്കാർ നടപടി നീണ്ടുപോകുമ്പോൾ ഓപൺ സ്‌കൂളടക്കമുള്ള ബദൽ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ് മിടുക്കരായ വദ്യാർഥികളും. പൊതു അവധി പ്രഖ്യാപിച്ച ജില്ലകളിൽ നാളെ മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുക.
Adjust Story Font
16