പ്ലസ്‌വൺ സീറ്റ്; സപ്ലിമെന്ററി അലോട്ട്മെന്റ് വന്നിട്ടും മലപ്പുറത്ത് പതിനായിരത്തോളം കുട്ടികൾ പുറത്ത്
സപ്ലിമെന്ററി അലോട്ട്മെൻ്റോടുകൂടി സീറ്റ് പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാദം
മലപ്പുറം: പ്ലസ്‌വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് വന്നിട്ടും മലപ്പുറത്ത് പതിനായിരത്തോളം കുട്ടികൾ പുറത്ത്. അപേക്ഷിച്ച 16,881 പേരിൽ പ്രവേശനം ലഭിച്ചത് 6999 വിദ്യാർത്ഥികൾക്ക് മാത്രമാണ്. മലബാറിലെ മറ്റു ജില്ലകളിലും സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. ഇന്ന് രാവിലെ മുതൽ നാളെ വൈകിട്ട് വരെ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് പ്രവേശനം നേടാം.
ആദ്യ സപ്ലിമെന്ററി അലോട്ട്മെൻ്റോടുകൂടി മലബാറിലെ സീറ്റ് പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാദം. എന്നാൽ അലോട്ട്മെന്റ് വന്നപ്പോഴും മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തോളം കുട്ടികൾ പ്രവേശനം ലഭിക്കാതെ പുറത്താണ്. കണക്ക് പ്രകാരം 9880 കുട്ടികൾക്ക് ഇനിയും പ്രവേശനം ലഭിക്കാനുണ്ട്. ജില്ലയിൽ ബാക്കിയുള്ളത് വെറും 89 മെറിറ്റ് സീറ്റുകൾ മാത്രം.
ആദ്യ സപ്ലിമെന്ററി അലോട്ട്മെൻ്റിന് മുൻപ് തന്നെ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിലവിലെ സ്ഥിതി വെച്ച് മലപ്പുറത്ത് മാത്രം 200ഓളം ബാച്ചുകൾ വേണ്ടിവരും. മലബാറിലെ മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട് 8139 അപേക്ഷകരിൽ പ്രവേശനം ലഭിച്ചത് 2643 പേർക്ക് മാത്രം. 5490 കുട്ടികൾ ജില്ലയിൽ ഇപ്പോഴും പുറത്താണ്.
കോഴിക്കോട് അപേക്ഷിച്ച 7192 പേരിൽ 3342 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. മലപ്പുറത്തെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷം ആകും ബാച്ച് പ്രഖ്യാപനം. രണ്ടാമത്തെ സപ്ലിമെൻററി അലോട്ട്മെൻ്റിന് മുന്നോടിയായി പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
Adjust Story Font
16