പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാർ നിസാരവത്കരിക്കുന്നു: എസ്.കെ.എസ്.എസ്.എഫ്
താൽക്കാലിക ബാച്ചും സീറ്റ് വർധനയും വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുമെന്നും എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ സർക്കാർ നിസാരവത്ക്കരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. 'എല്ലാ വർഷവും പ്രവേശന നടപടികളുടെ അവസാന ഘട്ടത്തിൽ താൽക്കാലിക ബാച്ച് അനുവദിച്ച് രക്ഷപ്പെടുന്നത് സർക്കാർ ഇക്കാര്യത്തിൽ കാണിക്കുന്ന വിവേചനമാണ് വെളിപ്പെടുത്തുന്നത്'.
താത്കാലിക ബാച്ച് അനുവദിക്കുമ്പോൾ അതിൻ്റെ അധിക ചെലവിനെ കുറിച്ച് പറയുന്ന മന്ത്രി സീറ്റ് ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ അനാവശ്യമായി ശമ്പളം നൽകുന്ന നഷ്ടത്തിൻ്റെ കണക്ക് കൂടി വെളിപ്പെടുത്തണമെന്ന് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
'താൽക്കാലിക ബാച്ചും സീറ്റ് വർധനയും വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടുത്താനേ സഹായിക്കൂ. മലബാറിലെ വിദ്യാർത്ഥിക്ക് എക്കാലത്തും ഇത്രമതി എന്ന സമീപനം കടുത്ത നീതി നിഷേധമാണ്'. ഈ വർഷം പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ തൊണ്ണൂറ് ശതമാനം വിദ്യാർത്ഥികൾക്കെങ്കിലും അടുത്ത വർഷം ഉപരിപഠനം നടത്താനാവശ്യമായ നടപടികൾക്ക് ഫലപ്രദമായ മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ നടത്തണമെന്നുെ എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
Adjust Story Font
16