പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ സമിതി പതിവ് വഞ്ചനയാവരുത് : എസ്.എസ്.എഫ്
കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ഈ സാഹചര്യം പുതിയ കമ്മിറ്റിയുടെ റിപ്പോർട്ടിനും ഉണ്ടാവരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
മലപ്പുറം : കേരളത്തിലെ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലും സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടായതിന് കാരണം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് എസ്.എസ്.എഫ്. അവസാന ഘട്ടത്തിൽ പുതിയ ബാച്ചുകൾ അനുവദിക്കും എന്ന് പ്രഖ്യാപിക്കുകയും രണ്ടംഗ ഉദ്യോഗസ്ഥ സമിതിയെ നിയമിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ആകെ അപേക്ഷകരായ വിദ്യാർഥികളുടെ എണ്ണവും ഗവൺമെന്റ് എയ്ഡഡ് സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരം സർക്കാറിന് നേരത്തെ അറിവുള്ളതാണ് എന്നിരിക്കെ സമരങ്ങളും പ്രക്ഷോഭങ്ങളും കഴിഞ്ഞ് പ്രതികരിക്കുന്ന രീതിയാണ് സർക്കാർ ഇത്തവണയും തുടർന്നത്.
വിഷയം പരിഹരിക്കുന്നതിന് വേണ്ടി വിവിധ ഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകൾ പറയുന്നത് പ്രകാരം 40 വിദ്യാർഥികളാണ് ഒരു ബാച്ചിൽ ഉണ്ടാകേണ്ടത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 35 വിദ്യാർഥികൾ മാത്രമാണ് ഒരു ക്ലാസ് മുറിയിൽ ഉണ്ടാകേണ്ടത്. ലബ്ബ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഇത് 40 ആണ്. വിവിധ നിയമങ്ങൾ പ്രകാരവും ഈ നിലയിലാണ് വിദ്യാർഥി അനുപാതം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സി.ബി.എസ്.ഇയുടെയും എൻ.ഇ.പിയുടെയും നിർദേശവും 40 സീറ്റ് എന്നതാണ്. കേരളത്തിലെ ഹയർസെക്കൻഡറി നിയമവും നിഷ്‌കർഷിക്കുന്നത് ഇതേ അനുപാദം തന്നെ. എന്നിരിക്കയാണ് മലപ്പുറം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ 70 വിദ്യാർഥികൾ ഒരു ക്ലാസ് മുറിയിൽ കുത്തി നിറക്കപ്പെട്ടത് എന്നത് ഗൗരവത്തോടെ കാണണം. വിഷയം പഠിക്കാൻ ഇത്തവണ സർക്കാർതല ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിലെ പോലെ കണ്ണിൽ പൊടിയിടുന്നതിനു വേണ്ടിയാകരുത് നടപടി.
ഖാദർ കമ്മീഷൻ ആവശ്യപ്പെട്ട എട്ട് മുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറി തലമാക്കുക എന്ന നിർദേശം ഇതുവരെ നടപ്പിലായിട്ടില്ല. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ഈ സാഹചര്യമാകരുത് രണ്ടംഗ സമിതിയുടെ റിപ്പോർട്ടിനും ഉണ്ടാകേണ്ടത്. വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുക എന്ന ഉത്തരവാദിത്ത സർക്കാർ ഏറ്റെടുക്കുകയും ഈ വർഷം അഡ്മിഷൻ ആവശ്യമുള്ള വിദ്യാർഥികൾക്ക് നീതിയുക്തമായ സീറ്റ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. വരും വർഷങ്ങളിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നിയാസ്, ജില്ലാ സെക്രട്ടറിമാരായ സ്വാദിഖ് നിസാമി, കെ.പി മുഹമ്മദ് അനസ്, ടി.എം ശുഹൈബ് എന്നിവർ ആവശ്യപ്പെട്ടു.
Adjust Story Font
16