മലപ്പുറത്തെ പ്ലസ് വൺ സീറ്റ്: സമരം ചെയ്തവരെ 'കലാപക്കാർ' എന്ന് വിശേഷിപ്പിച്ച് ദേശാഭിമാനി
സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അടക്കം സമരത്തിറങ്ങിയിരുന്നു.
കോഴിക്കോട്: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവർ കലാപക്കാരെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി. 'പ്ലസ് വൺ: നിശബ്ദരായി കലാപക്കാർ'; മലപ്പുറത്ത് മാത്രം 7642 സീറ്റ് ബാക്കി' എന്ന തലക്കെട്ടിലാണ് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയിലും സമരം ചെയ്തവർ കലാപമുണ്ടാക്കിയെന്നാണ് പറയുന്നത്. 'സീറ്റിന്റെ പേരിൽ അനാവശ്യമായി കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയർ സെക്കൻഡറി ഒന്നാം വർഷം പ്രവേശന നടപടികൾ പൂർത്തിയായി' എന്നാണ് വാർത്തയുടെ ഇൻട്രോ.
അൺ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ അടക്കം പരിഗണിച്ചാണ് മലപ്പുറത്ത് 7642 സീറ്റുകൾ ഒഴിവുണ്ടെന്ന് സർക്കാർ പറയുന്നത്. 7642ൽ 68 ശതമാനവും (5173 എണ്ണം) അൺ എയ്ഡഡ് മേഖലയിലാണ്. ഈ സീറ്റുകളിൽ ഏകജാലകം വഴിയല്ല പ്രവേശനം നടക്കുന്നത്. ഇത് കഴിച്ചാൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 2469 സീറ്റുകളാണ് ഒഴിവുള്ളത്.
മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അടക്കം സമരത്തിറങ്ങിയിരുന്നു. സീറ്റ് പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിരുന്നു. വലിയ പ്രതിഷേധം ഉയർന്നതോടെ 120 താൽക്കാലിക ബാച്ചുകളാണ് ഇത്തവണ ജില്ലയിൽ കൂടുതലായി അനുവദിച്ചത്. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താത്കാലിക ബാച്ചുകളിലൂടെ മലപ്പുറത്ത് 7200 സീറ്റുകളാണ് ഈ വർഷം വർധിച്ചത്. ഈ ബാച്ചുകൾ അനുവദിച്ചില്ലായിരുന്നെങ്കിൽ ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.
Adjust Story Font
16