പ്ലസ് വണ്‍: മെറിറ്റില്‍ ബാക്കിയുള്ളത് 655 സീറ്റ് മാത്രം, 1,95,706 വിദ്യാര്‍ഥികള്‍ പുറത്ത്
സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് മാത്രം ബാക്കി നില്‍ക്കെ 1,95,706 പേരാണ് സീറ്റ് ലഭിക്കാതെ ഇപ്പോഴും പുറത്തുള്ളത്.
സംസ്ഥാനത്ത് രണ്ടാം ഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. ഇഷ്ട വിഷയം കിട്ടാതെ നൂറ് കണക്കിന് വിദ്യാർത്ഥികള്‍ ഇപ്പോഴും പുറത്താണ്. ഒന്നാംഘട്ട അലോട്ട്‌മെന്‍റ് പുറത്ത് വന്നപ്പോൾ തന്നെ പകുതിയലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ഇല്ലായിരുന്നു. ഇന്ന് രണ്ടാം ഘട്ട അലോട്‌മെന്‍റ് പുറത്ത് വന്നതോടെ മെറിറ്റിൽ 655 സീറ്റുകൾ മാത്രമാണിനി ബാക്കിയുള്ളത്.
മാനേജ്‌മെന്‍റ് സീറ്റുകളിൽ വലിയ തുക കെട്ടി വച്ചാൽ മാത്രമെ കുട്ടികൾക്ക് ഇനി സീറ്റ് ലഭിക്കൂ. അൺ എയ്ഡഡ് മേഖലയിലാവട്ടെ ഭീമമായ ഫീസാണ് ഈടാക്കുന്നത്. ഇനി സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് മാത്രമാണ് ബാക്കിയുള്ളത്. സപ്ലിമെന്‍ററി അലോട്‌മെന്‍റ് വഴി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് സർക്കാറിന്‍റെ വാദമെങ്കിലും മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ നൂറു കണക്കിന് വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ ഇനിയും ബാക്കിയുളളത് വിദ്യാർത്ഥികളുടെ ആശങ്കയേറ്റുന്നു. 1,95,706 പേരാണ് സീറ്റ് ലഭിക്കാതെ ഇപ്പോഴും പുറത്തുള്ളത്.
4,65,219 പേരാണ് പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. രണ്ട് അലോട്ട്മെന്‍റുകളിലുമായി 2,69, 533 പേർക്കാണ് ഇത് വരെ പ്രവേശനം ലഭിച്ചത്. മാനേജ്മെന്‍റ് വിഭാഗത്തിലും അൺ എയ്ഡഡ് മേഖലയിലുമായി 80,000 ഓളം സീറ്റുകൾ ഉണ്ടെങ്കിലും വിദ്യാർഥികൾ പണം മുടക്കി പഠിക്കേണ്ട അവസ്ഥയാണ്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്‍റുകള്‍ പൂർത്തിയായിക്കഴിഞ്ഞു. ഈമാസം 26 ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായതാണ് പ്രതിസന്ധിക്ക് ആക്കം കൂടിയത്. അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽകുകയാണ് സർക്കാർ.
Adjust Story Font
16