Quantcast

പ്ലസ് വൺ സീറ്റ് അപര്യാപ്തത: പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിട്ട് ശിപാർശകൾ നടപ്പിലാക്കണമെന്ന് എസ്.ഐ.ഒ

മലബാറിലെ വിദ്യാർഥികളോട് സർക്കാർ നീതിപാലിക്കണമെന്ന് എസ്.ഐ.ഒ

MediaOne Logo

Web Desk

  • Updated:

    2023-05-19 15:18:30.0

Published:

19 May 2023 10:10 AM GMT

SIO, Plus one seat shortage, Prof. V Karthikeyan report, എസ്.ഐ.ഒ, പ്ലസ് വണ്‍ സീറ്റ്, പ്രൊഫ വി കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട്
X

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത സമഗ്രമായി പരിഹരിക്കാൻ പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും അതിലെ ശിപാർശകൾ പുതിയ അധ്യയന വർഷം തന്നെ നടപ്പിലാക്കണമെന്നും എസ്.ഐ.ഒ. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ഒന്നര പതിറ്റാണ്ട് കാലത്തിലധികമായി ഓരോ അധ്യയന വർഷാരംഭത്തിലും ഉയർന്ന് വരുന്ന തുടർന്ന് കൊണ്ടേയിരിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധി ആണ്. വിദ്യാഭ്യാസ വ്യവസ്ഥ പ്രീ ഡിഗ്രി സംവിധാനത്തിൽ നിന്നും പ്ലസ് ടു സ്വഭാവത്തിലേക്ക് മാറിയത് മുതൽക്കാണ് ഈ വിദ്യാഭ്യാസ അനീതിയുടെ തുടക്കം. അന്ന് ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിച്ചതിലെ അസന്തുലിത്വമാണ് ഈ പ്രതിസന്ധിയുടെ മൂല കാരണം. തെക്കൻ ജില്ലകളിൽ ആവശ്യത്തിൽ കവിഞ്ഞ സ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിച്ചപ്പോൾ മലബാർ ജില്ലകളിൽ മതിയായ ഹയർ സെക്കൻഡറികൾ അനുവദിച്ചില്ല. രണ്ടായിരത്തിന് ശേഷം മലബാർ ജില്ലകളിൽ വിജയ ശതമാനം വർധിക്കുകയും അത് രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിലേക്ക് നയിക്കുകയും അങ്ങനെ പ്രശ്നം പുറത്ത് വരുകയും ചെയ്തു.

അന്ന് മുതൽ തന്നെ കേരളത്തിന്‍റെ വിദ്യാഭ്യാസ ഭൂപടത്തില്‍ മലബാര്‍ അവഗണന നേരിടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സഹിതം 'മലബാറെന്താ കേരളത്തിലല്ലേ' എന്ന പേരില്‍ എസ്.ഐ.ഒ സമഗ്രമായ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ വെച്ചതോടെയാണ് മലബാര്‍ വിവേചനം ഒരു രാഷ്ട്രീയ വിഷയമായി മാറുന്നതും വിവിധ സംഘടനകള്‍ അതേറ്റെടുക്കുന്നതും അധികാരികള്‍ മലബാര്‍ പാക്കേജടക്കം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാകുന്നതും.

തുടർന്ന് മറ്റ് വിദ്യാർഥി സംഘടനകളും മലബാറിലെ യുവജന സാമൂഹിക കൂട്ടായ്മകളും വിഷയം ഏറ്റെടുക്കുകയും പ്ലസ് വൺ സീറ്റ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം എന്നതിൽ കവിഞ്ഞ് ശാശ്വതമായ ഒരു പരിഹാരം വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. അതിൻ്റെ ഭാഗമായി പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങളെ ഇടത് വലത് മുന്നണികൾ വേണ്ടത്ര രീതിയിൽ മുഖവിലക്കെടുത്തില്ല. മറിച്ച് 20 ശതമാനം മാർജിൻ സീറ്റ് വർധനവിലൂടെ താൽക്കാലിക പരിഹാരമാണ് നടത്തിയത്. മറ്റ് ജില്ലകളിൽ ഓരോ ക്ലാസിലും 50 വിദ്യാർത്ഥികൾ പഠിക്കുമ്പോൾ മലബാറിൽ അത് അറുപതും അറുപത്തഞ്ചുമായി. അതാത് വർഷങ്ങളിൽ അത് പ്രശ്നങ്ങൾക്ക് ഒരു താൽക്കാലിക ശമനമായെങ്കിലും സ്ഥിരമായ പരിഹാരമായില്ല.

നൂറിലധികം പുതിയ ബാച്ചുകൾ അനുവദിക്കുക, തെക്കൻ ജില്ലകളിലെ പ്രവേശനം കുറഞ്ഞ ബാച്ചുകൾ സ്ഥിരമായി മലബാർ ജില്ലകളിലേക്ക് മാറ്റുക. മലബാർ ജില്ലകളിലെ ഹൈ സ്കൂളുകൾ ഹയർ സെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്യുക എന്നിവയാണ് വിദ്യാർത്ഥി സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്ന പരിഹാര മാർഗങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലും അവർ ഈ ആവശ്യങ്ങൾ ഇരു മുന്നണികൾക്കു മുന്നിലും ഉന്നയിച്ചിരുന്നു. അന്ന് ഇടത് പക്ഷം അവരുടെ പ്രകടന പത്രികയിൽ മലബാർ വിദ്യാഭ്യാസ പ്രശ്നം പഠിക്കുമെന്നും അതിന് കമ്മീഷൻ നിശ്ചയിക്കുമെന്നും ഉൾപ്പെടുത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നിയമിച്ച കാർത്തികേയൻ കമ്മീഷൻ വിഷയം 5 മാസമെടുത്ത് പഠിക്കുകയും വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.

മേൽപറഞ്ഞ സംഘടനകളുടെ ആവശ്യങ്ങളെ ദൃഢീകരിക്കുന്നതാണ് കമ്മീഷൻ റിപ്പോർട്ട്. അതുകൊണ്ട് ഈ വർഷത്തെ വിദ്യാർഥികളോടെങ്കിലും സർക്കാർ നീതി പുലർത്തുന്നതിൻ്റെ ഭാഗമായി ഉടൻ തന്നെ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് പ്രഥമ ഘട്ടം എന്ന നിലക്ക് റിപ്പോർട്ട് പൊതുജനത്തിന് ലഭ്യമാവുന്ന വിധം മന്ത്രി പുറത്ത് വിടണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സെക്രട്ടറിമാരായ വാഹിദ് ചുള്ളിപാറ, സഹൽ ബാസ്, അഡ്വ. അബ്ദുൽ വാഹിദ്, മലപ്പുറം ജില്ലാ പി.ആർ സെക്രട്ടറി ഷമീം വേങ്ങര എന്നിവർ പങ്കെടുത്തു.

TAGS :

Next Story