Quantcast

'ഇടിമുറികൾക്ക് എസ്എഫ്‌ഐ നേതൃത്വം കൊടുക്കില്ല, അങ്ങനെയല്ല പ്രസ്ഥാനം വളർന്നത്'- ആർഷോ

"ഇടിമുറികൾ പൊളിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘടനയാണ് എസ്എഫ്‌ഐ"

MediaOne Logo

Web Desk

  • Published:

    5 July 2024 8:28 AM GMT

PM Arsho about dark rooms in campuses
X

തിരുവനന്തപുരം: എസ്എഫ്‌ഐയുടേതായി ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഇടിമുറികൾക്ക് എസ്എഫ്‌ഐ നേതൃത്വം കൊടുക്കുകയില്ലെന്ന് പറഞ്ഞ ആർഷോ ഇടിമുറി ഉണ്ടോ എന്ന് നോക്കാൻ ക്യാമ്പസുകളിലേക്ക് മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ്തു.

"എസ്എഫ്‌ഐക്ക് സ്വാധീനമുള്ള ഏത് ക്യാമ്പസിലേക്കും മാധ്യമങ്ങൾക്ക് വന്ന് പരിശോധിക്കാം. കാര്യവട്ടം ക്യാമ്പസിൽ ഇടിമുറിയുണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന എത്ര പെട്ടെന്നാണ് സ്ഥാപിക്കപ്പെട്ടത്. കാര്യവട്ടത്തെന്നല്ല, ഒരു ക്യാമ്പസിലും അത്തരത്തിലുള്ള ഒരു ഇടിമുറിയുമില്ല. അത്തരം ഇടിമുറികളിലൂടെയല്ല എസ്എഫ്‌ഐ വളർന്നു വന്നത്, ഞങ്ങളങ്ങനെയുള്ള ഇടിമുറികൾക്ക് നേതൃത്വം കൊടുക്കുകയുമില്ല.

ചില സ്വാശ്രയ കോളജുകളിലുണ്ടായിരുന്നു അത്തരം ഇടിമുറികൾ. ആ ഇടിമുറികൾ പൊളിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘടനയാണ് എസ്എഫ്‌ഐ. അത്തരമൊരു പ്രസ്ഥാനത്തെ നിങ്ങളെങ്ങനെയാണ് അക്രമരാഷ്ട്രീയത്തിന്റെ പട്ടികയിൽപ്പെടുത്തുക. ഇത്രയും ആക്രമിക്കപ്പെട്ട ഒരു സംഘടന രാജ്യത്തിന്റെ ചരിത്രത്തിലുണ്ടോ? കേരളത്തിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നടത്തിയത് കൊണ്ടു മാത്രം 35 സഖാക്കളെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് എസ്എഫ്‌ഐ. അങ്ങനെ നഷ്ടപ്പെടുമ്പോഴും തിരിച്ചൊരു ജീവനെടുക്കാൻ ഞങ്ങൾ തയ്യാറായിട്ടില്ല. എന്നിട്ടും അക്രമം നടത്തുന്നത് എസ്എഫ്‌ഐ ആണെന്നാണ് ആരോപണങ്ങൾ.

പൂക്കോട് സർവകലാശാലയിലെ കാര്യം തന്നെ നോക്കൂ. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെ എസ്എഫ്‌ഐ പുറത്താക്കി. എന്നിട്ടും ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞതെന്താണ്, സിദ്ധാർഥനെ എസ്എഫ്‌ഐ കൊന്ന് കെട്ടിത്തൂക്കി എന്ന്. അതാണിപ്പോൾ പൊതുബോധം"- ആർഷോ പറഞ്ഞു.

അതേസമയം കോഴിക്കോട് ഗുരുദേവ കോളജിലെ സംഘർഷത്തിൽ എസ്എഫ്‌ഐ നേതാവിന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയെന്നും ആർഷോ സമ്മതിച്ചു. നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പെരുമാറ്റമായിരുന്നുവെന്നും വിദ്യാർഥി നേതാവ് ഇത്തരത്തിൽ ഇടപെടാൻ പാടില്ലെന്നുമായിരുന്നു ആർഷോയുടെ പ്രതികരണം.

TAGS :

Next Story