'ആനകൾക്ക് ഓമനപ്പേരുകളിട്ട് ആനന്ദം കൊളളുന്നു'; വനം വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല
ഇടുക്കി: വന്യമൃഗശല്യത്തിൽ വനംവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്ക് ഓമനപ്പേരുകളിട്ട് ആനന്ദം കൊളളുകയാണ്. ഡി.എഫ്.ഒയുടെ അപ്പനാണോ പടയപ്പ, അളിയനാണോ അരിക്കൊമ്പനെന്നും ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ചോദിച്ചു.
പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല. ഇടത് സർക്കാരിനെതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും സി വി വർഗീസ് പറഞ്ഞു. ഇടുക്കിയിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, വനം വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. വനം വകുപ്പ് വാച്ചർ ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്നും ആനകളെ മാറ്റാനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പും വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Adjust Story Font
16