പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയിലും തിരുവനന്തപുരത്തും പഴുതടച്ച സുരക്ഷ
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍, സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
തിരുവനന്തപുരം നഗരം കനത്ത സുരക്ഷയില്‍
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരം അതീവ സുരക്ഷയില്‍. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍, സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.
പ്രധാനമന്ത്രിയുടെ സുരക്ഷാ പ്ലാന്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയാണ് നഗരത്തില്‍ ഒരുക്കുന്നത്. ഇന്ന് ഉച്ചയോടെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെയും റെയില്‍വേ സ്റ്റേഷനിലെയും പാര്‍ക്കിംഗുകള്‍ പൂര്‍ണമായി ഒഴിപ്പിക്കും. ബസ് സ്റ്റേഷനിലേക്കുള്ള ബസുകളുടെ പ്രവേശനവും പുറപ്പെടലും നിയന്ത്രിക്കും. ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ ഡിപ്പോ പ്രവര്‍ത്തിക്കില്ല. തമ്പാനൂരില്‍ നിന്നുള്ള ബസുകളെല്ലാം വികാസ് ഭവന്‍ ഡിപ്പോയില്‍ നിന്നാകും ഓപ്പറേറ്റ് ചെയ്യുക.
പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിലെ പാര്‍ക്കിംഗ് പൂര്‍ണമായും ഒഴിവാക്കും. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന എസ് പി ജി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കേരള പൊലീസിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്‍റലിജന്‍സ് ബ്യൂറോയും നിരീക്ഷിക്കുന്നുണ്ട്.
Adjust Story Font
16