പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനത്തിന് ഇന്ന് തുടക്കം
ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും
ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി ന്യൂയോർക്കിൽ എത്തിയത്. പ്രധാന മന്ത്രി താമസിക്കുന്ന ന്യൂയോർക്കിലെ ഹോട്ടലിന് മുൻപിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരാണ് എത്തിയത്.
ഇന്തോ - അമേരിക്കൻ വ്യവസായികളുമായി പ്രധാന മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാന മന്ത്രി നേതൃത്വം നൽകും. രാത്രിയോടെ പ്രധാന മന്ത്രി വാഷിംഗ്ടണ്ണിലേക്ക് തിരിക്കും.
അഞ്ച് ദിവസത്തെ അമേരിക്കൻ പര്യടനത്തിന് ശേഷം മോദി ഈജിപ്തും സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷം ആറ് തവണ അമേരിക്കയിൽ നരേന്ദ്ര മോദി സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സവിശേഷതകൾ ഏറെയാണ്. പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിൽ ഔദ്യോഗിക വിരുന്നോടെയാണ് സ്വീകരിക്കുക. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ചാണ് അമേരിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച.
അമേരിക്കയിൽ നിന്ന് ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ചും സെമി കണ്ടക്ടറുകൾ, ജെറ്റ് എഞ്ചിനുകൾ എന്നിവയുടെ നിർമാണം സംബന്ധിച്ചും നിർണായക തീരുമാനങ്ങൾ ജോ ബൈഡനുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും. വ്യാഴാഴ്ച അമേരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ രണ്ട് തവണ അമേരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറും.
മണിപ്പൂരിൽ ഒന്നര മാസം പിന്നിട്ടിട്ടും കലാപം അവസാനിപ്പിക്കാൻ ഇടപെടൽ നടത്താതെയുള്ള പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ചു.
Adjust Story Font
16