'ലീഗിന് എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കണം, ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ പിറകിലായി'; ആഭ്യന്തര വിമർശനമുയർത്തി പി.എം.എ സലാം
പഴയ പ്രതാപത്തിലേക്ക് പോകാൻ തങ്ങൾ അണികൾ തയാറാണെന്നും നേതാക്കൾ വഴി കാണിക്കണമെന്നും സലാം ആവശ്യപ്പെട്ടു
ചെന്നൈ: മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സമ്മേളന വേദിയിൽ ആഭ്യന്തര വിമർശനമുയർത്തി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എം.പിയും എം.എൽ.എമാരും കോർപറേഷൻ അംഗങ്ങളും ഉണ്ടായിരുന്ന ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ എങ്ങനെ ലീഗ് പിന്നാക്കമായെന്നും പാർട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾ ലീഗിനുണ്ടായിരുന്ന ജനപ്രതിനിധികളുടെ എണ്ണവും അദ്ദേഹം പരാമർശിച്ചു.
പഴയ പ്രതാപത്തിലേക്ക് പോകാൻ തങ്ങൾ അണികൾ തയാറാണെന്നും നേതാക്കൾ വഴി കാണിക്കണമെന്നും സലാം ആവശ്യപ്പെട്ടു. പാർട്ടി എപ്പോൾ യോഗം വിളിച്ചാലും സ്ഥിരമായി ചില മുഖങ്ങൾ മാത്രമാണ് കാണുന്നതെന്നും ഇതര സംസ്ഥാനങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങൾ പഠിക്കണമെന്നും ഓർമിപ്പിച്ചു. ലീഗിന് എന്നും നേതൃത്വം കൊടുത്തത് കേരളവും തമിഴ്‌നാടും തന്നെയാണെന്നും ചൂണ്ടിക്കാട്ടി.
കേരള - തമിഴ്‌നാട് മാതൃകയിൽ ദേശീയ തലത്തിൽ സഖ്യസാധ്യത തേടി പ്രവർത്തനം വിപുലീകരിക്കാനാണ് മുസ്‌ലിം ലീഗ് ദേശീയ പ്രതിനിധി സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ചെന്നൈയിൽ ചേർന്ന ദേശീയ പ്രതിനിധി സമ്മേളനമാണ് തീരുമാനം. കലൈവാനർ അരങ്കം ഹാളിലാണ് ദേശീയ പ്രതിനിധി സമ്മേളനം ചേർന്നത്. ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ സ്വാഗതം പറഞ്ഞ സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ലീഗ് പ്രവർത്തനമുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തി. രാജാജി ഹാളിൽ നാളെ പ്രതീകാത്മക ദേശീയ കൗൺസിൽ നടക്കും. വൈകിട്ട് വൈ.എം.സി.എ ഗ്രൗണ്ടിൽ നടക്കുന്ന മഹാ സമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയാകും.
PMA Salam, state general secretary of the Muslim League, raised internal criticism on the stage of the national representative conference of the Muslim League
Adjust Story Font
16