പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമം; എ.എസ്.ഐക്കെതിരെ എസ്.സി-എസ്.ടി കമ്മീഷൻ കേസെടുത്തു
അമ്പലവയൽ എ.എസ്.ഐ ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു
വയനാട്: പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയനാട് അമ്പലവയൽ എ.എസ്.ഐക്കെതിരെ എസ്.സി-എസ്.ടി കമ്മീഷൻ കേസെടുത്തു. വയനാട് എസ്.പിയോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.
എ.എസ്.ഐ ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.എഎസ്ഐയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പോക്‌സോ കേസിൽ ഇരയായ പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയെ പെണ്‍കുട്ടിയെ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ അമ്പലവയൽ എ.എസ്.ഐ ആയിരുന്ന ടി.ജി ബാബു പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാണ് പരാതി.
ഒക്ടോബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ കേസിൽ ഇരയായി കണിയാമ്പറ്റ നിർഭയ ഹോമിൽ കഴിയുന്ന പെൺകുട്ടിയെ സീൻ മഹസർ തയ്യാറാക്കുന്നതിനായി ഊട്ടിയിൽ എത്തിച്ചപ്പോൾ ഉപദ്രവിച്ചുവെന്നാണ് ആരോപണം. വനിതാ പൊലീസുകാരിയും പുരുഷ പൊലീസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോൾ കൂടെയുണ്ടായിരുന്ന എഎസ്ഐ ബാബു മോശമായി പെരുമാറി എന്നാണ് പെൺകുട്ടി ഡബ്ല്യുസിസിക്ക് നൽകിയ മൊഴി.
വയനാട് എസ്.പി ഈ വിഷയം അന്വേഷിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ഡിഐജി രാഹുൽ ആർ നായരാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. ഇതിനു പിന്നാലെ ഇന്ന് എസ്.സി-എസ്.ടി കമ്മീഷനും കേസെടുത്തത്.
Adjust Story Font
16