'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ'; കെ-റെയിലിനെ വിമർശിച്ച് കവിത; റഫീക്ക് അഹമ്മദിനെതിരെ സൈബർ ആക്രമണം
'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളെ'ന്ന് നാലുവരിക്കവിതയെഴുതി വീണ്ടും സൈബർ ആക്രമണത്തോടും ഫേസ്ബുക്കിൽ തന്നെ പ്രതികരിച്ചിട്ടുണ്ട് കവി റഫീഖ് അഹമ്മദ്
കെ-റെയിലിനെതിരെ ഫേസ്ബുക്കിൽ കവിത പങ്കുവച്ചതിനു പിറകെ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ ഇടതുപക്ഷ അനുഭാവികളുടെ സൈബർ ആക്രമണം. പിന്നാലെ, 'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളെ'ന്ന് നാലുവരിക്കവിതയെഴുതി വീണ്ടും ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സൈബർ ആക്രമണത്തിൽ റഫീഖ് അഹമ്മദിന് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്നു തുടങ്ങുന്ന കവിത റഫീഖ് അഹമ്മദ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതിനു പിന്നാലെയായിരുന്നു കടുത്ത സൈബർ ആക്രണം. ഇടതുവിരോധം കൊണ്ടുമാത്രം മുളക്കുന്ന കവിതകൾ ചിലതുണ്ട് ഈ മനുഷ്യൻ മനസിൽ എന്നു പറഞ്ഞ് റഫീഖിന്റെ മറ്റൊരു കവിതയ്ക്ക് പാരഡിയുമായായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെയുള്ള ഒരു വിമർശനം.
സിനിമയ്ക്ക് പാട്ടെഴുതാൻ കൊച്ചിയിലേയ്ക്കും ചെന്നൈയിലേയ്ക്കുമൊക്കെ നടന്നാണോ പോകുക, വിമാനത്തിൽ പോയാൽ മേഘങ്ങളെ കീറിമുറിക്കുമ്പോൾ അവയ്ക്ക് വേദനയെടുത്താലോ എന്ന് പരിഹസിക്കുന്നു മറ്റൊരാൾ. ഇതിനു പുറമെ കടുത്ത പരിഹാസവും തെറിയുമായും ഇടത് അനുകൂല പ്രൊഫൈലുകൾ രംഗത്തുണ്ട്.
ഇതിനു പിന്നാലെയാണ് വ്യക്തിയധിക്ഷേപങ്ങളോടും തെറിയോടും കവിതയിലൂടെ തന്നെ റഫീഖ് അഹമ്മദ് പ്രതികരിച്ചത്. ''തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന
മുനയുള്ള ചോദ്യങ്ങ,ളറിയാത്ത കൂട്ടരേ
കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു
കരുണ മാത്രം'' എന്നായിരുന്നു പ്രതികരണം.
സൈബർ ആക്രമണത്തിനിടയാക്കിയ കവിത
ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്തനേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ,നെന്തു കൊണ്ടുപോരാൻ
ഹേ..
കേ..?
Summary: Poem Criticizing K-Rail; Cyber attack against Poet Rafeeq Ahamed
Adjust Story Font
16